കേരളം

കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐ; സഫീറിന്റെ കൊലപാതകത്തില്‍ വിമര്‍ശനവുമായി വി ടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സി.പി.ഐയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും അരങ്ങേറുകയാണെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സഫീറിനെ സി.പി.ഐ ക്രിമിനലുകള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്നും കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സി.പി.എമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സി.പി.ഐയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല - ബല്‍റാം ചൂണ്ടികാട്ടി

കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ് - ബല്‍റാം പോസ്റ്റില്‍ കുറിച്ചു

കുന്തിപ്പുഴ സ്വദേശിയായ സഫീര്‍ ഞായറാഴ്ച രാത്രി ഒന്‍പതോടെയാണു കൊല്ലപ്പെടുന്നത്. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയില്‍ അതിക്രമിച്ചു കയറി മൂന്നംഗസംഘമാണ് കൊല നടത്തിയതെന്നാണു സൂചന. മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജിന്റെ മകനാണ് കൊല്ലപ്പെട്ട സഫീര്‍.

സഫീറിനെ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാര്‍ക്കാട് ഇന്ന് ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

വ്യാപാരി വ്യവസായി ഏകോപന സമിതി ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തിനു പിന്നില്‍ സിപിഐ ആണെന്ന് മുസ്‌ലിം ലീഗ് ആരോപിച്ചു. കുന്തിപ്പുഴയിലെ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഐ- ലീഗ് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. 

വി ടി ബലറാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ഭീകരത വീണ്ടും!
മണ്ണാര്‍ക്കാട് എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ സിപിഐ ക്രിമിനലുകള്‍ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായി പ്രതിഷേധിക്കുന്നു. കൊലപാതക രാഷ്ട്രീയത്തില്‍ വല്യേട്ടനായ സിപിഎമ്മിനോട് മത്സരിക്കുകയാണ് ചെറിയേട്ടനായ സിപിഐയും. ഇത് നാലാം തവണയാണ് സഫീറിന്റെയും കുടുംബത്തിന്റേയും നേര്‍ക്ക് ആക്രമണമുണ്ടാകുന്നത്. വീടിന് ബോംബെറിഞ്ഞ സംഭവം വരെയുണ്ടായി. ആ അവസരങ്ങളിലൊക്കെ ഉദാസീന സമീപനം സ്വീകരിച്ച പോലീസിന് ഇന്നത്തെ കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല.

കേരളത്തിന്റെ ക്രമസമാധാനനില സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊടും ക്രിമിനലുകളെ സംരക്ഷിച്ചും പോറ്റി വളര്‍ത്തിയും മുന്നോട്ടുപോകുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള എല്ലാ അവകാശവും നഷ്ടമാവുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്