കേരളം

മുത്തലാഖ് അല്ല, തലാഖ് തന്നെ നിരോധിക്കപ്പെടണം: എംഎന്‍ കാരശ്ശേരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുത്തലാഖ് അല്ല, തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എംഎന്‍ കാരശ്ശേരി. വിവാഹ മോചനം കോടതി വഴിയാക്കുകയാണ് ഉചിതമായ നിയമനിര്‍മാണമെന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിം പുരുഷന് ഭാര്യയെ ഒഴിവാക്കാന്‍ ഏകപക്ഷീയമായ അധികാരം നല്‍കുന്നതാണ് തലാഖ്. ഇതു പൂര്‍ണമായും നിരോധിക്കുകയാണ് വേണ്ടത്. വിവാഹ മോചനം ആവശ്യമുള്ള പുരുഷന്‍ കോടതിയെ സമീപിക്കട്ടെ. ഏകപക്ഷീയമായി വിവാഹമോചനത്തിന് നിലവില്‍ മുസ്ലിം പുരുഷനു മാത്രമാണ് അവകാശമുളളത്. മതനിയമത്തിന്റെ പേരിലാണ് ഇങ്ങനെയൊരു അവകാശം അവര്‍ക്കു കിട്ടുന്നതെന്ന് എംഎന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി.

തലാഖ് നിരോധിക്കണം എന്നു പറയുമ്പോള്‍ അതു മതനിയമത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നാണ് അതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. ഏകീകൃതമായ ക്രിമിനല്‍ നിയമമുള്ള രാജ്യമാണ് നമ്മുടേത്. മോഷണം നടത്തുന്നവരുടെ കൈ വെട്ടണം എന്നു പറയുന്ന ഖുറാന്‍ നിയമമല്ല, രാജ്യത്തെ നിയമ വ്യവസ്ഥയാണ് നാം പിന്തുടരുന്നത്. അതുകൊണ്ടുതന്നെ മതനിയമത്തിന്റെ പേരിലുള്ള വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായ വിവാഹ മോചനത്തിന് മുസ്ലിം പുരുഷനു മാത്രമാണ് അവകാശമുള്ളത്. മുസ്ലിം സ്ത്രീക്കു വിവാഹ മോചനത്തിനു  കോടതിയെ സമീപിക്കണം. ഫസ്‌ക് ആക്ട് അനുസരിച്ചാണ് അതു സാധ്യമാവുന്നത്. ബ്രിട്ടിഷുകാരുടെ കാലത്ത്, മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദാലി ജിന്നയുയെ നേതൃത്വത്തിലുണ്ടാക്കിയ ഈ നിയമം ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്ന് എംഎന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു