കേരളം

ശതാഭിഷേക നിറവില്‍ സുഗതകുമാരി

സമകാലിക മലയാളം ഡെസ്ക്

വിത കൊണ്ട് മണ്ണിനും മനുഷ്യനും വേണ്ടി കലഹിക്കുന്ന മലയാളത്തിന്റെ പ്രിയകവയിത്രി സുഗതകുമാരിക്ക് ഇന്ന് ശതാഭിഷേകം. രാജ്യത്ത് ഒരുപാട് ദുരിതവും ദുഃഖവുമുണ്ട്. ഇതിനിടയ്ക്ക് സന്തോഷിക്കാന്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതുകൊണ്ട് 84 വയസായി എന്നതില്‍ ആഹ്ലാദിക്കാന്‍ എന്താണുള്ളതെന്ന് അറിയില്ലെന്നാണ് ഈ അവസരത്തില്‍ സുഗതകുമാരി പറയുന്നത്. 

കവിത നിലപാടാണെന്ന് തന്റെ വാക്കുകളിലൂടെ അറിയിച്ച പ്രതിഭയാണ് സുഗതകുമാരി. ആറുപതിറ്റാണ്ടായി മലയാളികളുടെ പോരാട്ടങ്ങളിലും സാഹിത്യത്തിലും ജ്വലിച്ചുനില്‍ക്കുന്ന സുഗതകുമാരി ശതാഭിഷിക്തയാവുമ്പോള്‍ ആഘോഷങ്ങളൊന്നുമില്ലെങ്കിലും സമരങ്ങളില്‍ ഒപ്പം നടന്നവരും കവിതകളിലൂടെ പിന്തുടരുന്നവരുമായ ഒട്ടേറെപ്പേര്‍ ഞായറാഴ്ച തന്നെ ടീച്ചര്‍ക്ക് ആശംസകള്‍ നേരാന്‍ നന്ദാവനത്തെ അവരുടെ വീട്ടിലെത്തിയിരുന്നു.

കവിതയിലൂടെ വിലപിച്ചാല്‍ മാത്രം പോര വിലാപത്തിന് അര്‍ഥമുണ്ടാകണമെന്നു കൂടി ചിന്തിച്ച വ്യക്തിയാണ് സുഗതകുമാരി. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. മാനസികാസ്വാസ്ഥ്യം ബാധിച്ചവരുടെയും അനാഥ ബാലികമാരെയും ലൈംഗികമായി ദ്രോഹിക്കപ്പെട്ട പെണ്‍കുട്ടികളുടെയും പുനരധിവാസത്തിനായി 'അഭയ' സ്ഥാപിച്ച് കവിതയില്‍ പങ്കുവെയ്ക്കുന്ന ആകുലതകള്‍ക്ക് അവര്‍ ഇപ്പോഴും പരിഹാരം തേടിക്കൊണ്ടിരിക്കുന്നു. 

സുഗതകുമാരി ടീച്ചര്‍ സ്വന്തം മക്കളെപ്പോലെയാണ് മരങ്ങളും മലകളും തോടുകളും. മഴയോടും പുഴയോടും അവര്‍ക്ക് തീര്‍ത്താല്‍ തീരാത്ത സ്‌നേഹമായിരുന്നു. കുയിലിന്റെ പാട്ടിനേയും മയിലിന്റെ ആട്ടത്തേയും മാനിന്റെ ഓട്ടത്തേയും കുട്ടികളുടെ കുസൃതികളെപ്പോലെയാണ് ടീച്ചര്‍ ആസ്വദിച്ചത്. അതുകൊണ്ട് തന്നെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെല്ലാം കവയത്രി മുന്നും പിന്നും നോക്കാതെ ഇടപെട്ടു. തന്റെ നിലപാടുകള്‍ അറിയിച്ചുകൊണ്ടേയിരുന്നു. 

സൈലന്റ്‌വാലി, ആറന്മുളവരെ തുടങ്ങിയ കേരളത്തിലെ പ്രമുഖ പരിസ്ഥിതിസമരങ്ങളുടെയൊക്കെ മുന്നില്‍ നിന്ന സുഗതകുമാരി കേരളത്തില്‍ പാരിസ്ഥിതികാവബോധം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്തു വഹിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ സമിതി രൂപീകരിച്ചുകൊണ്ട് കവയത്രി ഇന്നും കലഹിച്ചുകൊണ്ടേയിരിക്കുന്നു. 

1934 ജനുവരിയിലാണ് കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും സംസ്‌കൃത അധ്യാപികയായ കാര്‍ത്യായനിയുടെയും മകളായി സുഗതകുമാരി ജനിച്ചത്. ശ്രീകുമാര്‍ എന്ന പേരിലാണ് സുഗതകുമാരിയുടെ ആദ്യകവിത പുറത്തു വന്നത്. 

കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (പാതിരാപ്പൂക്കള്‍), കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക അവാര്‍ഡ് ('രാത്രിമഴ'); ഓടക്കുഴല്‍ അവാര്‍ഡ്, ആശാന്‍ െ്രെപസ്, വയലാര്‍ അവാര്‍ഡ് ('അമ്പലമണി'); ആശാന്‍ സ്മാരക സമിതിമദ്രാസ് അവാര്‍ഡ് ('തുലാവര്‍ഷപ്പച്ച') തുടങ്ങിയ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാണ്. തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ