കേരളം

കണ്‍മുന്നിലുള്ളവരെ സ്‌നേഹിക്കാനാവുന്നില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്; ജയസൂര്യ ചോദിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്‍മുന്നില്‍ കാണുന്നവരെ സ്‌നേഹിക്കാനാവുന്നില്ലെങ്കില്‍ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളതെന്ന് നടന്‍ ജയസൂര്യ. കൊച്ചിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നു വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് കണ്ടുനിന്നവര്‍ വെറും കാഴ്ചക്കാര്‍ മാത്രമായെന്ന വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് ജയസൂര്യ ഈ ചോദ്യം ഉന്നയിക്കുന്നത്. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ എത്തിക്കുക എന്നത് ഏറ്റവും നന്മയുള്ള കാര്യങ്ങളില്‍ ഒന്നാണെന്ന് ജയസൂര്യ പറയുന്നു.

ഈ സംഭവത്തില്‍ വിഷമം പങ്കുവയ്ക്കാനാണ് ഈ പോസ്റ്റെന്ന് ജയസൂര്യ പറഞ്ഞു. ഒരാള്‍ അപകടത്തില്‍ പെട്ടത് ഒരുപാടു ചെറുപ്പക്കാര്‍ നോക്കിനിന്നു. ഒരാളുപോലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാനുള്ള സാമാന്യ മര്യാദ കാണിച്ചില്ല എന്നത് വിഷമമുണ്ടാക്കുന്നതാണ്.

രണ്ടു തരത്തിലുള്ള ചിന്തയായിരിക്കും അവരെ എന്തെങ്കിലും ചെയ്യുന്നതില്‍നിന്ന് തടഞ്ഞത്. ചിലപ്പോള്‍ ഒരാള്‍ വെള്ളമടിച്ചു കിടക്കുന്നതാണെന്ന് അവര്‍ വിചാരിച്ചിരിക്കും. അല്ലെങ്കില്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ കൂടുതല്‍ കുരിശാവുമോ എന്ന ചിന്ത വന്നിരിക്കും. 

ആരെയും കുറ്റപ്പെടുത്താനല്ല, ഈ പോസ്റ്റ് ഒരു ബോധവത്കരണമായി കണ്ടാല്‍ മതി. അപകടത്തില്‍ പെട്ട ഒരാളെ ആശുപത്രിയില്‍ എത്തിക്കുക എന്നത് ഏറ്റവും നന്മയുള്ള കാര്യമാണ്. നമ്മുടെ അച്ഛനോ അമ്മയോ സഹോദരനോ ആണെങ്കില്‍ ഒരു നിമിഷം പോലും നമ്മള്‍ നോക്കിനില്‍ക്കില്ല. ഒരു ലോജിക്കും ഉണ്ടാവില്ല അവിടെ. നേരെയെടുത്ത് ആശുപത്രിയിലേക്ക് ഓടും. അങ്ങനെ ചെയ്യാന്‍ നമുക്കു കഴിയണം. 

മുമ്പിലുള്ളവരെ സ്‌നേഹിക്കാന്‍ കഴിയണം. അല്ലാതെ നമ്മള്‍ ജീവിച്ചിരിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്? മുമ്പിലുള്ളവരെയാണ് സ്‌നേഹിക്കേണ്ടത്. അല്ലാതെ ഈശ്വരനെ വിളിച്ചിട്ട് എന്തുകാര്യമെന്ന് ജയസൂര്യ ചോദിക്കുന്നു.

ഒരാളെ ആശുപത്രിയില്‍ ആക്കിയാല്‍ ഒരു കാരണവശാലും പൊലീസ് കേസാവില്ല. എല്ലാവരും നോക്കിനിന്നപ്പോള്‍ അതുവഴി പോയ സ്ത്രീയാണ് അയാളെ ആശുപത്രിയില്‍ എത്തിച്ചത്. താന്‍ അടക്കമുള്ള മുഴുവന്‍ പുരുഷ സമൂഹവും അവര്‍ക്കു മുന്നില്‍ തല കുനിക്കുന്നുവെന്ന് ജയസൂര്യ സന്ദേശത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്