കേരളം

അശാന്തന്റെ മൃതദേഹം അക്കാദമി വളപ്പില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രതിഷേധം, ക്ഷേത്രചൈതന്യത്തിനു ഇടിവുണ്ടാവുമെന്നു പ്രതിഷേധക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്തരിച്ച ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്റെ ഭൗതിക ശരീരം ലളിത കലാ അക്കാദമി ഗാലറിക്കു മുന്നില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതിനെതിരെ സംഘപരിവാര്‍ പ്രതിഷേധം. പുലര്‍ച്ചെ അന്തരിച്ച അശാന്തന്റെ മൃതദേഹം ഉച്ചയ്ക്കു ശേഷം പൊതുദര്‍ശനത്തിനായി എത്തിക്കുന്നതിനു തൊട്ടുമുമ്പാണ് ഒരു സംഘം ആളുകള്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. തൊട്ടടുത്ത് എറണാകുളത്തപ്പന്‍ ക്ഷേത്രമുള്ളതിനാല്‍ മൃതശരീരം പൊതുദര്‍ശനത്തിനു വയ്ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കൊച്ചി അമൃത ആശുപത്രിയില്‍ വച്ച് അശാന്തന്‍ അന്തരിച്ചത്. കേരളത്തിനകത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയ ശ്രദ്ധേയനായ ചിത്രകാരന്റെ ഭൗതിക ശരീരം ഇടപ്പള്ളി ഫ്രണ്ട്‌സ് ലൈബ്രറിയിലും ലളിത കലാ അക്കാദമി ഗാലറിക്കു മുന്നിലും പൊതുദര്‍ശനത്തനു വയ്ക്കാനാണ് സുഹൃത്തുക്കള്‍ തീരുമാനിച്ചത്. ഇതിനായി ആര്‍ട്ട് ഗാലറിക്കു മുന്നില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് പ്രതിഷേധക്കാര്‍ രംഗത്തുവന്നത്. അശാന്തന് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടുള്ള ഫഌക്‌സ് ഉയര്‍ത്തിയതിനു പിന്നാലെ ഇവര്‍ എത്തുകയായിരുന്നു.

തൊട്ടടുത്തു ക്ഷേത്രമുള്ളതിനാല്‍ മൃതദേഹം ഇങ്ങോട്ടു കയറ്റാനാവില്ലെന്നാണ് ഇവര്‍ വാദിച്ചത്. ഇതു ലളിതകലാ അക്കാദമിയുടെ സ്ഥലമല്ലേ എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ മുമ്പ്് എല്ലാം ക്ഷേത്രഭൂമിയായിരുന്നെന്ന വിചിത്രവാദമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതെന്ന് അശാന്തന്റെ സുഹൃത്തുക്കള്‍ പറയുന്നു. മൃതദേഹം കയറ്റിയാല്‍ ക്ഷേത്രചൈതന്യത്തിനു ഇടിവുണ്ടാവുമെന്നും പ്രതിഷേധിച്ചവര്‍ വാദിച്ചെന്ന് അവര്‍ പറയുന്നു.

സംഭവമറിഞ്ഞ് കൂടുതല്‍ പേര്‍ രംഗത്തെത്തുകയും പൊലീസ് ഇടപെടുകയും ചെയ്തതോടെ പ്രതിഷേധക്കാര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് രണ്ടരയോടെ ആര്‍ട്ട് ഗാലറി വളപ്പില്‍ തന്നെ അശാന്തന്റെ ഭൗതിക ശരീരം പൊതുദര്‍ശനത്തിനു വച്ചു. നിരവധി പേരാണ് അന്തരിച്ച ചിത്രകാരന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ