കേരളം

കുട്ടിക്കടത്തുകാരോ മോഷ്ടാക്കളോ? ജനലുകളിലെ കറുത്ത സ്റ്റിക്കറിന് പിന്നിലെ രഹസ്യം എന്താണ്? 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജനങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കറുത്ത സ്റ്റിക്കറിനെക്കുറിച്ചുള്ള പ്രചാരണം ശക്തമാകുകയാണ്. വീടുകളുടെ ജനല്‍ ചില്ലുകളില്‍ ഒട്ടിച്ച നിലയില്‍ കറുത്ത സ്റ്റിക്കര്‍ കണ്ടതോടെ അതിന് പിന്നില്‍ എന്തോ നിഗൂഢലക്ഷ്യം ഒളിച്ചിരിപ്പുണ്ടെന്ന ചിന്തയിലാണ് ജനങ്ങള്‍. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും കവര്‍ച്ചക്കാരും തങ്ങളുടെ കൂട്ടിളികള്‍ക്ക് സൂചന നല്‍കുന്നതിനായാണ് സ്റ്റിക്കറുകള്‍ ഒട്ടിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഈ സ്റ്റിക്കറിന് പിന്നിലെ രഹസ്യം എന്താണ്? 

ഗ്ലാസ് കമ്പനികള്‍ പാക്കിംഗിന് ഉപയോഗിക്കുന്ന ഒരു തരം റബ്ബറാണ് ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനല്‍ പാളികളിലെ ചില്ല് ലോറികളിലും മറ്റും കൊണ്ടുവരുമ്പോള്‍ ഉരഞ്ഞ് പൊട്ടാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള റബ്ബര്‍ സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നത്. ചില്ലുകള്‍ ഇടുമ്പോള്‍ വീട്ടുകാര്‍ ആദ്യം ഇത് ശ്രദ്ധിച്ചിട്ടുണ്ടാകില്ല. എന്നാല്‍ കറുത്ത സ്റ്റിക്കറിനെക്കുറിച്ച് പ്രചാരണം ശക്തമായതോടെ വീട്ടിലെ ജനലുകള്‍ പരിശോധിച്ചപ്പോഴായിരിക്കും ഇവ ശ്രദ്ധയില്‍പ്പെട്ടതാവാനും സാധ്യതയുണ്ട്. 

എറണാകുളം ജില്ലയിലെ കുറുമശ്ശേരി, കളമശേരി, വരാപ്പുഴ, ചേരാനല്ലൂര്‍, കുട്ടമശ്ശേരി, ചൂര്‍ണിക്കര എന്നീ മേഖലയിലുള്ള വീടുകളില്‍ ജനലില്‍ സ്റ്റിക്കര്‍ പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചില വീടുകളില്‍ പുറത്തു നിന്ന് നോക്കിയാല്‍ ശ്രദ്ധിക്കപ്പെടാത്ത സ്ഥലങ്ങളിലാണ് സ്റ്റിക്കറുകള്‍ പതിച്ചിരിക്കുന്നത്. എന്തെങ്കിലും സൂചന നല്‍കാനാണെങ്കില്‍ റോഡില്‍ നിന്ന് കാഴ്ചയെത്തുന്ന സ്ഥലങ്ങളിലല്ലേ സ്റ്റിക്കറുകള്‍ ഒട്ടിക്കേണ്ടത്. ഇത് പൊലീസുകാരെ ആശയക്കുഴപ്പത്തിലാക്കുന്നണ്ട്. 

ഒരു വീട്ടിലെ ഒരു ചില്ലില്‍ തന്നെ ഒന്നില്‍ അധികം സ്റ്റിക്കറുകളും കണ്ടെത്തി. കുറുമശേരിയില്‍ തെറ്റയില്‍ തോമസിന്റെ വീട്ടിലെ പിന്‍വശത്തേയും കിഴക്കുവശത്തേയും ഏഴ് ജനലുകളിലായി 15 സ്റ്റിക്കറുകളാണ് പതിച്ചിരിക്കുന്നത്. ചില വീടുകളുടെ രണ്ടാം നിലകളിലെ ചില്ലുകളില്‍ വരെ കറുത്ത സ്റ്റിക്കറുകള്‍ കണ്ടു. ഒരു ദിവസമാണ് സ്റ്റിക്കറുകള്‍ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഒരു സംഘമാണ് ഇതിന് പിന്നിലെങ്കില്‍ ഒരു ദിവസം പല സ്ഥലങ്ങളില്‍ എങ്ങനെ സ്റ്റിക്കര്‍ പതിക്കുമെന്നാണ് പൊലീസിന്റെ സംശയം. 

കുറച്ചു നാളുകള്‍ക്ക് മുന്‍പ് മോഷ്ടാക്കളുടെ ശല്യത്തില്‍ പൊറുതിമുട്ടിയ വരാപ്പുഴയെ സ്റ്റിക്കര്‍ വീണ്ടും ഭീതിയിലാക്കിയിരിക്കുകയാണ്. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് 100 പവന്‍ മോഷണം നടന്ന സ്ഥലമായ കീഴ്മാടിനും സ്റ്റിക്കര്‍ തലവേദനയായിട്ടുണ്ട്. വാഹനങ്ങളുടെ പഞ്ചര്‍ ഒട്ടിക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള റബ്ബര്‍ കൊണ്ടുള്ള സ്റ്റിക്കറാണ് പലയിടത്തും കണ്ടത്. സ്റ്റിക്കര്‍ കണ്ട മേഖലകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും മറ്റ് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്