കേരളം

'എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്?'; കണ്ണുതുറന്ന അർജുൻ അമ്മയോട് ആദ്യം ചോദിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തില്‍ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന അർജുൻ കണ്ണു തുറന്നപ്പോൾ ആദ്യം ചോദിച്ചത് ഉറ്റ സുഹൃത്ത് അഭിമന്യൂവിനെ കുറിച്ച്. രണ്ടു ദിവസത്തെ അബോധാവസ്ഥയില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ കണ്ണു തുറന്ന അര്‍ജുന്‍ അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ടു. അമ്മ എത്തിയപ്പോള്‍ അവന്‍ ചോദിച്ചു -''എന്റെ അഭിമന്യുവിന് എങ്ങനെയുണ്ട്?''

അവന്റെ ചോദ്യത്തിന് ആ അമ്മയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. ഒടുവില്‍ അഭിമന്യുവും അപ്പുറത്ത് ഐസിയുവിലുണ്ടെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അവന്റെ അഭിമന്യു ഇനിയില്ലെന്ന് പറഞ്ഞാല്‍ അവനെങ്ങനെ പ്രതികരിക്കുമെന്നോ അവന്റെ ആരോഗ്യനിലയെ എങ്ങനെ ബാധിക്കുമെന്നോ പറയാനാവില്ല.

മറ്റൊന്നുകൂടി അവന്‍ അമ്മയോട് ആവശ്യപ്പെട്ടു. തന്നെ ഈ കോളേജില്‍ നിന്ന് മാറ്റരുതെന്ന്. ഏറെ ആഗ്രഹിച്ചും നിര്‍ബന്ധിച്ചുമാണ് അര്‍ജുന്‍ മഹാരാജാസ് കോളേജില്‍ തന്നെ അഡ്മിഷന്‍ നേടിയത്.

''അവനെ തിരികെ കൊണ്ടുപോകണമെന്നായിരുന്നു എന്റെ ആഗ്രഹം. അവനെ പിന്തിരിപ്പിക്കാന്‍ എനിക്ക് പറ്റുന്നില്ല. അതുകൊണ്ട് ഞാനത് സമ്മതിച്ചു. ഇപ്പോള്‍ മകന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ചുകൊടുക്കാനേ ഈ അമ്മയ്ക്കാവൂ. ദൈവം എനിക്ക് തന്നതാണവനെ...'' അര്‍ജുന്റെ അമ്മ കണ്ണീരോടെ പറഞ്ഞു.

ഉറ്റ സുഹൃത്തുക്കളായിരുന്നു അഭിമന്യുവും അര്‍ജുനും. ക്യാംപസില്‍ അവരെ ഒന്നിച്ചല്ലാതെ കാണുന്ന സന്ദര്‍ഭങ്ങള്‍ അപൂര്‍വം. അതുകൊണ്ടാവണം, കോളേജിലെ സംഘര്‍ഷത്തില്‍ അക്രമികളുടെ കുത്തേറ്റു വീഴുമ്പോഴും അവര്‍ ഒന്നിച്ചായിരുന്നു. ഇടനെഞ്ചിലേറ്റ കുത്തില്‍ അഭിമന്യു മറ്റൊരു ലോകത്തേക്ക് ചേക്കേറിയപ്പോള്‍ അടിവയറ്റില്‍ കുത്തേറ്റ് കരളിലെ ശസ്ത്രക്രിയക്ക് ശേഷം അര്‍ജുന്‍ ജീവിതത്തിന്റെ നൂല്‍പാലത്തിലൂടെ തിരിച്ചുനടക്കുകയാണ്. 

അര്‍ജുന്റെ ആരോഗ്യനില വേഗത്തില്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍