കേരളം

വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, കുളിച്ച് കാശുമെടുത്ത് സ്ഥലം വിട്ടു

സമകാലിക മലയാളം ഡെസ്ക്

കല്‍പറ്റ: രാത്രിയില്‍ ഹോട്ടലിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളന്‍ കഞ്ഞി വെച്ച് കുടിച്ച്, വിശാലമായി കുളിയും കഴിഞ്ഞ് 5000 രൂപയുമെടുത്ത് മുങ്ങി. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസിലാണ് ഇന്നലെ രാത്രിയില്‍ കള്ളന്‍ കയറിയത്. 

ഹോട്ടലിന്റെ അടുക്കളയില്‍ കയറിയ കള്ളന്‍ അരിയെടുത്തു വേവിക്കാന്‍ വച്ച ശേഷം, മെസ്സിലെ സോപ്പും തോര്‍ത്തുമെടുത്ത് കുളിക്കാന്‍ കയറി. തിരിച്ച് വന്ന് ഭക്ഷണവും കഴിച്ചു. ഹോട്ടലില്‍ ഊണുകഴിക്കാനെത്തുന്നവര്‍ക്കു കൈകഴുകാന്‍ വച്ചിരുന്ന മൂന്നു സോപ്പുകളെടുത്ത് അതിവിശാലമായിട്ടായിരുന്നു കള്ളന്റെ കുളി. ശേഷം കള്ളന്‍, പാലിയേറ്റിവ് കെയര്‍ സംഭാവനപ്പെട്ടിയിലെ പണമടക്കം കൈക്കലാക്കി. എന്നാല്‍, ഇതിലെ 50 പൈസയുടെ നാണയങ്ങള്‍ ഭദ്രമായി അവിടെത്തന്നെ വെച്ചിട്ടുണ്ട്. 

കുളിച്ച തോര്‍ത്ത് മേശപ്പുറത്തു വിരിച്ചിട്ട്, കയ്യിലുണ്ടായിരുന്ന കത്തിയും സ്പാനറും ലൈറ്ററും സമീപത്തു വച്ചാണു കള്ളന്‍ തിരിച്ചുപോയത്. നേരം പുലരുന്നതുവരെ ജംക്ഷനിലെ പബ്ലിക് ലൈബ്രറിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ കണ്ടിരുന്നവരും മോഷണവിവരം അറിഞ്ഞില്ല. രാവിലെ ഹോട്ടല്‍ തുറക്കാനെത്തിയ സ്ത്രീകളാണു സംഭവം പൊലീസില്‍ അറിയിക്കുന്നത്. 

ഇവിടെനിന്ന് നാലു കിലോമീറ്റര്‍ മാത്രം അകലെയാണു കഴിഞ്ഞ ദിവസം നവദമ്പതികളെ റിപ്പര്‍ മോഡലില്‍ വെട്ടിക്കൊലപ്പെടുത്തിയ വീട്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും മോഷണം. വെള്ളമുണ്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇരട്ടക്കൊലപാതകം നടന്നതിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണ് ഇത്തരം കള്ളന്മാരുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു