കേരളം

'വെള്ളിയാഴ്ച അക്കൗണ്ടന്‍സി പരീക്ഷയാണ്, സാര്‍ ഒന്ന് കനിയണം'; ചങ്കല്ല വിദ്യാര്‍ത്ഥികളുടെ ചങ്കിടിപ്പാണ് ഇപ്പോള്‍ എറണാകുളം കളക്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

'സാര്‍ പൊന്നപ്പനല്ല തങ്കപ്പനാ തങ്കപ്പന്‍...' എറണാകുളം കളക്റ്റര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ ഫേയ്‌സ്ബുക്ക് പേജില്‍ ഒന്ന് കേറി നോക്കണം. എറണാകുളത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ അവിടെയെത്തിയിട്ടുണ്ട്. പിള്ളേര് കളക്റ്റര്‍ ബ്രോയെ സ്‌നേഹം കൊണ്ട് മൂടുകയാണ്. ലൈക്കും കമന്റും ഷെയറുമൊക്കെയായി ആകെ ഒരു ബഹളം. എന്തിനാണെന്നല്ലേ? രണ്ട് ദിവസം അവധി കൊടുത്തതിന്. കളക്റ്റര്‍ക്ക് നന്ദി അറിയിച്ചുകൊണ്ടും സ്‌നേഹത്തില്‍ മൂടിക്കൊണ്ടും നിരവധി കമന്റുകളാണ് കളക്റ്ററിന്റെ അവധി പോസ്റ്റിന് താഴെ ലഭിക്കുന്നത്. 

ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നാണ് ചൊവ്വാഴ്ച അവധി നല്‍കിയിരുന്നു. സാധാരണ അവധി നല്‍കുന്ന ദിവസങ്ങളില്‍ മഴ മാറി നില്‍ക്കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. മഴ കനത്തു. ഇതോടെയാണ് അടുത്ത ദിവസവും ജില്ല കളക്റ്റര്‍ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ അവധി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കളക്റ്ററെ തേടിയെത്തി. അതും സിനിമാ സ്റ്റൈലിലാണ് പിള്ളേര് അപേക്ഷയുമായി എത്തുന്നത്. 

'പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല.,എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും..! പക്ഷേ അങ്ങ് കൊടുക്കുന്ന അവധി..അത് ചരിത്രമാകും.ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം...' ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. കളക്റ്റര്‍ സാറിനെപ്പോലെ ആവണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ മഴയത്ത് വല്ല തോട്ടിലോ വീണ് മരിച്ചാല്‍ ഈ സമൂഹത്തിന് കിട്ടേണ്ട ഒരു മുത്തിനെ നഷ്ടപ്പെടില്ലേ എന്നാണ് ഒരു വിദ്വാന്റെ ചോദ്യം. 

കുട്ടികളുടെ കൂട്ടപ്രാര്‍ത്ഥനയില്‍ മഴ ശക്തി പ്രാപിച്ചതോടെ കളക്റ്റര്‍ രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ചു. ഇതോടെ ഫേയ്‌സ്ബുക് പേജ് നന്ദി പ്രകടനങ്ങള്‍ കൊണ്ട് മൂടി. കളക്റ്റര്‍ സാറിന്റെ ഒരു ഫോട്ടോ തന്നാല്‍ ഫ്രെയിം ചെയ്ത് പൂജിക്കാമെന്ന് വരെ കമന്റുകള്‍ വന്നു. കൂടാതെ അടുത്ത ദിവസം പരീക്ഷ ഉള്ളതുകൊണ്ട് സാറൊന്ന് കനിയണമെന്ന് പറയുന്നവരുമുണ്ട്. സാധാരണയില്‍ നിന്ന് വിപരീതമായി പ്രൊഫഷണല്‍ കോളേജുകളേയും അവധിയില്‍ ഉള്‍പ്പെടുത്തിയതോടെ അതിന്റെ സന്തോഷം പങ്കുവെക്കാനും വിദ്യാര്‍ത്ഥികള്‍ എത്തി. 

എന്നാല്‍ ഇതൊക്കെ കണ്ട് വിഷമിക്കുകയാണ് മറ്റുള്ള ജില്ലയിലെ വിദ്യാര്‍ത്ഥികള്‍. എറണാകുളം കളക്റ്ററെ കണ്ടുപടിക്കാനാണ് അവര്‍ തങ്ങളുടെ കളക്റ്റര്‍മാരോട് പറയുന്നത്. അവധി തരാന്‍ ഞങ്ങളുടെ കളക്റ്ററോട് ഒന്ന് പറയുമോ എന്ന് മുഹമ്മദ് വൈ സഫീറുള്ളയോട് ചോദിക്കുന്നവരുമുണ്ട്. എന്തായാലും രണ്ട് ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതോടെ കളകറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദൈവതുല്യനായി മാറിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി