കേരളം

തെറിവിളി ഇവരുടെ സംസ്‌കാരം, വായനയും വിവരവും ഇല്ലാത്തവരാണ് സംഘപരിവാറുകാര്‍; എസ് ഹരീഷ് തുറന്നുപറയുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ തനിക്കെതിരെ സൈബര്‍ ആക്രമണവും വധഭീഷണിയും മുഴക്കുന്ന സംഘപരിവാറുകാര്‍ക്കെതിരെ നിയമനടപടികള്‍ ആലോചിക്കുന്നുവെന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവലിലെ കഥാപാത്രങ്ങളുടെ പരാമര്‍ശങ്ങള്‍ അടര്‍ത്തിയെടുത്ത് സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ച് ഒരു ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഹരീഷിന്റെ തുറന്നു പറച്ചില്‍

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കഴിഞ്ഞ ലക്കം പുറത്തിറങ്ങിയതിന് ശേഷമാണ് സംഘടിത സൈബര്‍ ആക്രമണം തുടങ്ങിയത്. താന്‍ ഹിന്ദുവിരുദ്ധസ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി എന്നും പറഞ്ഞ് ഭാര്യയുടെ പടമൊക്കെ വെച്ച് ഇവര്‍ തെറിവിളിക്കുകയാണ്. അതിന് ഇവര്‍ക്ക് കുഴപ്പമില്ലേ എന്നും ഹരീഷ് ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വലിയ രീതിയിലുളള അസഭ്യം പറച്ചിലും തട്ടിക്കളയുമെന്ന ഭീഷണിയുമാണ്. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഫെയ്‌സ്ബുക്ക് കാണുന്നതല്ലേ. അതിനാലാണ് ഡീ ആക്റ്റിവേറ്റ് ചെയ്തതെന്നും സംസ്‌കാരം ഇല്ലാത്ത പരിപാടിയാണ് ഇവരുടെ തെറിവിളിയെന്നും ഹരീഷ് പറയുന്നു

സാഹിത്യത്തെകുറിച്ച് പ്രാഥമിക ധാരണ പോലും ഇല്ലാത്തവരാണ് സംഘപരിവാറുകാര്‍. ഫിക്ഷന്‍ എന്നാല്‍ വേറൊരു സാധനമാണ്. അത് ലേഖനമല്ലെന്നും ഒരാളുടെ അഭിപ്രായം അല്ലെന്നും മനസിലാക്കാനുളള പ്രായോഗിക ബുദ്ധി ഇവര്‍ക്കില്ല. അല്‍പ്പം പോലും വായനയും വിവരവും ഇല്ലാത്തവരാണ് സംഘപരിവാറുകാര്‍. കേരളത്തിലെ ഇടതുപക്ഷക്കാര്‍ നല്ല വായനക്കാരാണ്. കോണ്‍ഗ്രസുകാരെ കുറിച്ച് എന്ത് കുറ്റം പറഞ്ഞാലും അവര്‍ക്ക് വായനയോടും എഴുത്തുകാരോടും ഒരു ബഹുമാനമുണ്ട്.എന്നാല്‍ സംഘപരിവാറുകാര്‍ക്ക് ഇതൊന്നും ഇല്ല. എസ്.ഹരീഷ് പറയുന്നു.

'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ' എന്ന ചെറുകഥ എഴുതിയതിന് ശേഷം നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അത് ഇത്രത്തോളം തീവ്രമായിരുന്നില്ല. എന്നാല്‍ സംഘപരിവാറിന്റെ ഇടപെടലിന്റെ രീതി വേറെ തരത്തിലാണെന്നാണ് ഇത് മനസിലാക്കി തരുന്നത്. സംഘടിതമായ ഗ്രൂപ്പ് തന്നെ ഇവര്‍ക്ക് ഇതിനായുണ്ട്. ഹേറ്റ് ക്യാംപെയ്ന്‍ നടത്തുന്നതിന് പുറമെ ഇവര്‍ ഫോണിലും വിളിച്ചിരുന്നു. സംവാദത്തിന് ഇവര്‍ തയ്യാറല്ലെന്നും ഗുണ്ടാ സംഘങ്ങളെ പോലെ പ്രവര്‍ത്തിക്കാനാണ് ഇവര്‍ക്ക് താത്പര്യമെന്നും ഹരീഷ് പറയുന്നു. കടുത്ത ജാതിഭ്രാന്തും മതഭ്രാന്തുമാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത്. കേരളത്തില്‍ നവോത്ഥാനം ഉണ്ടായത് തന്നെ വായനയിലൂടെയാണ്. അതിന്റെ അന്തരീക്ഷം തളര്‍ന്നാല്‍ മാത്രമേ ഇവര്‍ക്ക് വളരാന്‍ പറ്റുകയുളളുവെന്നും ഹരീഷ് പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്