കേരളം

ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ജില്ലാ ഭരണകൂടങ്ങള്‍, പമ്പാ, ഇടമലയാര്‍ ഡാമുകള്‍ തുറക്കാന്‍ സാധ്യത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ വിവിധ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. വിവിധ ഡാമുകളില്‍ ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്. ഇതോടെ പുഴതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ പമ്പാ ഡാമിലെ ഷട്ടറുകള്‍ എപ്പോള്‍ വേണമെങ്കിലും തുറന്നേക്കും. പമ്പാ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു. സമാനമായ നിര്‍ദേശം എറണാകുളം, ഇടുക്കി ജില്ലയിലുളളവര്‍ക്കും നല്‍കിയിട്ടുണ്ട്. 

സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ 
കെഎസ്ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി.  പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി. 

ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. പത്ത് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടാനുളള നീക്കത്തിലാണ് കെഎസ്ഇബി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന് സമാന്തരമായി നിലക്കൊളളുന്ന ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറയ്ക്കാനാണ് കെഎസ്ഇബി തീരുമാനിച്ചിരിക്കുന്നത്.

ഇടമലയാര്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാം തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് ഇടമലയാര്‍ കെ.എസ്.ഇ.ബി. അറിയിച്ചു.ഇടമലയാറിന്റെയും പെരിയാറിന്റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഡാമിന്റെ പരമാവധി സംഭരണ ശേഷി 169 മീറ്റര്‍ ആണ്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതാണ് ഡാമിലെ ജലനിരപ്പ് ഉയരാന്‍ കാരണം. ജലനിരപ്പ് ചൊവ്വാഴ്ച 164.50 മീറ്റര്‍ ആണ്. നിലവിലെ നീരൊഴുക്ക് അനുസരിച്ച് മണിക്കൂറില്‍ അഞ്ച് സെന്റിമീറ്റര്‍ എന്ന തോതില്‍ ജലനിരപ്പ് ഉയരും. വൃഷ്ടിപ്രദേശത്തു നിന്നുള്ള നീരൊഴുക്ക് തുടര്‍ന്നാല്‍ നാലു ദിവസങ്ങള്‍ക്കകം ഡാം ഷട്ടറുകള്‍ തുറക്കുന്നതായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്