കേരളം

മോഷണ ശേഷം സഞ്ചി എടുക്കാന്‍ മറന്നു ;  കള്ളന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : മോഷ്ടിക്കാനെത്തിയ കള്ളന്‍ മോഷണത്തിനുശേഷം രക്ഷപ്പെടാനുള്ള തത്രപ്പാടിനിടെ സഞ്ചി മറന്നു വച്ചു. മറന്നുവെച്ചതാകട്ടെ വീടിനടുത്തുള്ള ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ പേരുള്ള സഞ്ചി. കള്ളന്റെ മറവി പൊലീസിന് തുണയായി. ദിവസങ്ങള്‍ക്കകം മറവിക്കാരനായ കള്ളനെ പൊലീസ് പിടികൂടി. 

തോട്ടയ്ക്കാട് ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പെരുങ്കാവുങ്കല്‍ മുകേഷ് കുമാറിനെയാണ് പൊലീസ് പിടികൂടിയത്. കാഞ്ഞിരപ്പാറ നരിപ്പാറക്കല്‍ പ്രഭാകരന്‍നായരുടെ വീട്ടിലാണ് മുകേഷ് മോഷ്ടിക്കാന്‍ കയറിയത്. മോഷണം നടന്ന വീട് പരിശോധിച്ച പൊലീസ് സംഘത്തിന് കിണറിനടുത്തുനിന്ന് ഒരു സഞ്ചി ലഭിച്ചു. ടെക്‌സ്‌റ്റൈലിന്റെ പേരും സ്ഥലവും രേഖപ്പെടുത്തിയതായിരുന്നു സഞ്ചി. എന്നാല്‍ സഞ്ചി തങ്ങളുടെ അല്ലെന്ന് വീട്ടുകാര്‍ അറിയിച്ചു. 

സഞ്ചി പരിശോധിച്ച പൊലീസിന് അതില്‍നിന്നും ചില തെളിവുകള്‍ ലഭിച്ചു. സംശയിക്കുന്ന ആള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നും പൊലീസ് അന്വേഷണത്തില്‍ മനസ്സിലാക്കി. വീടിനടുത്ത് അന്വേഷണം നടത്തിയ ഷാഡോ സംഘം ഇയാള്‍ നാട്ടിലെത്തിയാല്‍ അറിയിക്കണമെന്ന് പ്രദേശവാസികളോട് ആവശ്യപ്പെട്ടു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുകേഷ് കുമാറിനെ പിടികൂടുന്നത്. 

കറുകച്ചാലിലും പരിസരപ്രദേശങ്ങളിലും നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് മുകേഷ്. പള്ളികളുടെ കുരിശടി തകര്‍ത്തും കാണിക്കവഞ്ചി തകര്‍ത്തും ഇയാള്‍ പണം കവര്‍ന്നിരുന്നതായി പൊലീസ് അറിയിച്ചു. മോഷണം നടത്തിയശേഷം പാലക്കാടുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മുങ്ങുകയായിരുന്നു മുകേഷിന്റെ സ്ഥിരം പരിപാടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി