കേരളം

ഒരടി അനങ്ങാന്‍ പറ്റാത്തത്ര അവശനായിരുന്നു കെവിന്‍; ഓടിരക്ഷപ്പെട്ട് ആറ്റില്‍ വീണെന്ന വാദം വിശ്വസിക്കാനാവാതെ അനീഷ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തട്ടിക്കൊണ്ടുപോയവരുടെ സംഘത്തില്‍ കെവിനെ അവസാനം കണ്ടപ്പോള്‍ ഒരടി അനങ്ങാനാവാത്ത അവസ്ഥയിലായിരുന്നു കെവിന്‍ എന്ന് ബന്ധു അനീഷ്. വണ്ടി നിറുത്തിയപ്പോള്‍ കെവിന്‍ ഓടി രക്ഷപ്പെട്ടെന്നും ആറ്റില്‍ വീണെന്നുമുള്ള വാദം യോജിക്കാന്‍ കഴിയാത്തതാണെന്ന് കെവിനൊപ്പം അക്രമികള്‍ ത്ട്ടിക്കൊണ്ടുപോയ അനീഷ് പറയുന്നു.

തനിക്കു ഛര്‍ദിക്കണമെന്നു പറഞ്ഞപ്പോള്‍ വണ്ടി നിര്‍ത്തിയിടത്താണ് കെവിനെ  അവസാനമായി കണ്ടതെന്ന് അനീഷ് പറഞ്ഞു. മുന്നില്‍ നിര്‍ത്തിയ വണ്ടിയില്‍നിന്ന് കെവിനെ താഴെ റോഡില്‍ ഇറക്കിക്കിടത്തുന്നതാണ് കണ്ടത്. ഒരടി അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു കെവിന്‍. ആ അവസ്ഥയിലാണ് കെവിന്‍ ഓടി രക്ഷപ്പെട്ടെന്നും ആറ്റില്‍ വീണെന്നും പറയുന്നത്. ഇതു വിശ്വസനീയമല്ലെന്ന് അനീഷ് പറഞ്ഞു. 

മാന്നാനത്തുനിന്ന് ഇരുവരെയും തട്ടിക്കൊണ്ടുപോയത് രണ്ട് വ്യത്യസ്ത കാറുകളിലാണ്. കാറില്‍ വച്ച് അനീഷിനെ അക്രമി സംഘം പലതവണ അടിച്ചു. തെന്മല അടുത്തപ്പോള്‍ 'ദാ കാഴ്ചകള്‍ കണ്ടോ. തെന്മലയിലെ കാഴ്ചകളാണ്. ഇനി ജീവിതത്തില്‍ കാണാന്‍ കഴിഞ്ഞില്ലെങ്കിലോ''യെന്ന് സംഘാംഗം പറഞ്ഞതില്‍നിന്നാണ് തെന്മലയാണെന്ന് അറിഞ്ഞത്.

ഛര്‍ദിക്കണമെന്ന് അനീഷ് പറഞ്ഞപ്പോള്‍ കാര്‍ ഒരിടത്ത് നിര്‍ത്തി. അതില്‍നിന്ന് തന്നെ വലിച്ചിഴച്ചിറക്കി താഴെ ഇരുത്തുകയായിരുന്നുവെന്ന് അനീഷ് പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ നിര്‍ത്തിയിട്ട കാറിന് മുന്നില്‍ മറ്റൊരു കാര്‍ നിര്‍ത്തി. അതില്‍നിന്ന് കെവിനെ വലിച്ചിഴച്ച് താഴെയിരുത്തുന്നതു കണ്ടു. ഇരിക്കുന്നിടത്തുനിന്ന് അല്പം മാറിയിരിക്കാന്‍പോലും പറ്റാത്തത്ര ക്ഷീണിതനായിരുന്നു കെവിനെന്ന് അനീഷ് ഉറപ്പിച്ചുപറയുന്നു. ആ അവസ്ഥയില്‍ ഓടിരക്ഷപ്പെടാന്‍ പറഞ്ഞാലും കെവിന് ഒരടി ഓടാന്‍ പറ്റില്ല.

അവനെ വീണ്ടും ആരോ തല്ലാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ 'ഇനിയവനെ തല്ലണ്ട, ചത്തുപോകു'മെന്ന് പറഞ്ഞു. അല്പം കഴിഞ്ഞ് അനീഷിനെ കാറില്‍ വലിച്ചുകയറ്റി. അപ്പോള്‍ 'കെവിന്‍ ഓടിരക്ഷപ്പെട്ടു' എന്ന് അവര്‍ പറയുന്നതുകേട്ടു. പക്ഷേ, കെവിന്‍ ഓടുന്നത് താന്‍ കണ്ടില്ലെന്ന് അനീഷ് ഉറപ്പിച്ചുപറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്