കേരളം

രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു; ഉരുള്‍പൊട്ടല്‍ മരണം 12 ആയി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ കാണാതായ അഞ്ചുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി. ഇനി രണ്ടുപേരെകൂടി കണ്ടെത്താനുണ്ട്. 

കരിഞ്ചോല ഹസന്റെ മകള്‍ നുസ്രത്ത് (26), നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന്‍ (4), മുഹമ്മദ്‌റാഫിയുടെ ഭാര്യ ഷംന (25), മകള്‍ നിയ ഫാത്തിമ (3) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച പകല്‍ മൂന്നരയോടെ പുറത്തെടുത്തത്.  ഹസന്റെ വീടിരുന്നതിനും 300 മീറ്ററോളം താഴെ ചെളിയില്‍ താഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. വെള്ളിയാഴ്ച പകല്‍  നുസ്രത്തിന്റെ ഇളയ മകള്‍ റിഫ മറിയ(11 മാസം)ത്തിന്റെ മൃതദേഹവും കണ്ടെത്തിയിരുന്നു. അപകടത്തില്‍ മരിച്ച കരിഞ്ചോല അബ്ദുറഹിമാന്റെ ഭാര്യ നഫീസ, ഹസന്റെ ഭാര്യ ആസ്യ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

അപകടമുണ്ടായ വ്യാഴാഴ്ച ഏഴുപേരുടെ മൃതദേഹമാണ് കിട്ടിയത്. ദേശീയ ദുരന്ത നിവാരണസേനയുടെയും അഗ്‌നിരക്ഷാസേനയുടെയും പൊലീസ് അടക്കമുള്ള വിവിധ സേനകളുടെയും നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രൊക്‌ളൈനറും എസ്‌കവേറ്ററും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ശക്തമായ തിരച്ചിലാണ് നടത്തുന്നത്. മലയുടെ മുകളില്‍നിന്ന് ഇടിഞ്ഞുവീണ വന്‍ പാറകള്‍ വെടിമരുന്നുപയോഗിച്ച് പൊട്ടിച്ചുനീക്കിയാണ് മണ്ണിനടിയില്‍ തിരച്ചില്‍. ഡോഗ് സ്‌ക്വാഡും  ശനിയാഴ്ച കരിഞ്ചോല മലയിലെത്തി. പൊലീസ് നായ മണം പിടിച്ച ഭാഗത്ത് നടത്തിയ പരിശോധനയിലാണ് നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

മലയില്‍നിന്നും വെള്ളം എത്തിച്ചേരുന്ന പൂനൂര്‍ പുഴയുടെ മുകള്‍ ഭാഗത്തും തിരയുന്നുണ്ട്. ആഴത്തില്‍ പരിശോധന നടത്തുന്നതിനുള്ള ലാന്‍ഡ് സ്‌കാനര്‍ സംഘവും സ്ഥലത്ത് എത്തിയേക്കും. നിലവില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറമേ ദുരന്തനിവാരണ സേനയുടെ  40 അംഗ സംഘവും 200 അഗ്‌നിരക്ഷാ സേന പ്രവര്‍ത്തകരും ശനിയാഴ്ച അധികമായി എത്തി.

അപകടത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ തിരച്ചിലാരംഭിച്ചപ്പോള്‍ മുകള്‍ഭാഗത്തെ പാറയുടെ സമീപം നിന്ന് രക്തമെന്ന് തോന്നിക്കുന്ന ദ്രാവകം ലഭിച്ചിരുന്നു. സംശയത്തെ തുടര്‍ന്ന്  സമീപത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ രക്തമല്ലെന്ന് വ്യക്തമായി. ഈ ഭാഗത്തെ പാറ പൊട്ടിച്ച് പരിശോധന നടത്തി. മഴക്കെടുതിക്കിരയായവര്‍ക്ക് അടിയന്തിര സഹായം ഉടന്‍ നല്‍കാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ  മുഖ്യമന്ത്രി കലക്ടര്‍മാര്‍ക്ക്‌നിര്‍ദ്ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി