കേരളം

കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതില്‍ ഗുഢലക്ഷ്യം; എഡിജിപിയുടെ മകളെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ക്രൈംബ്രാഞ്ച് ഉന്നതര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകളെ ഉടന്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ലോക്കല്‍ പൊലീസില്‍ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതെന്ന് ആരോപണം. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യരുതെന്ന് ഉന്നതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. സുദേഷ് കുമാറിന്റെ കീഴുദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നടക്കുന്ന  അന്വേഷണം വെറും പഹസനമാകുമെന്ന് പൊലീസുകാര്‍ തന്നെ സംശയിക്കുന്നുണ്ട്. 1987 ബാച്ച് ഐപിഎസ് ഉദ്യോസ്ഥനായ സുദേഷ് കുമാറിനെക്കാള്‍ മൂന്നു വര്‍ഷം ജൂനിയറാണ് കേസ് അന്വേഷണ ചുമതലയുള്ള 1990 ബാച്ച് ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്. 

അതേ സമയം ഗവാസ്‌കര്‍ മര്‍ദിച്ചെന്ന എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെങ്കില്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ വ്യക്തമാക്കി. ഗവാസ്‌കര്‍ പരാതി നല്‍കിയതിന് പിന്നാലെ ഡ്രൈവറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് എഡിജിപിയുടെ മകള്‍ പരാതി നല്‍കിയിരുന്നു. ഫോളോവര്‍മാരെ തിരിച്ചയയ്ക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് ഒരു ദിവസം അനുവദിച്ചു. സമയപരിധിക്കുള്ളില്‍ തിരിച്ചയച്ചില്ലെങ്കില്‍ നടപടിയെടുക്കും. സംസ്ഥാനത്തെ ക്യാംപ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പു തുടരുകയാണെന്നും ബെഹ്‌റ പറഞ്ഞു.എഡിജിപിയുടെ മകള്‍ക്കെതിരേ ഗവാസ്‌കര്‍ പരാതി നല്‍കിയതോടെ പൊലീസിലെ അടിമത്വത്തിനെതിരേ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പ്രഭാത സവാരിക്കു 14നു രാവിലെ പോയി മടങ്ങുമ്പോള്‍ എഡിജിപിയുടെ മകളും ഭാര്യയും ചേര്‍ന്നു ഗവാസ്‌കറെ മര്‍ദിച്ചെന്നാണ് ആക്ഷേപം. സംഭവം പുറത്തായപ്പോള്‍ മുതല്‍ കേസ് അട്ടിമറിക്കാന്‍ ഉന്നത ഐപിഎസുകാര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് ആസ്ഥാനത്തെ ഒരുദ്യോഗസ്ഥന്റെ വീട്ടില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരാണ് ആദ്യം ഒത്തുതീര്‍പ്പിനെത്തിയത്. ഗവാസ്‌കറും ബന്ധുക്കളും പരാതിയില്‍ ഉറച്ചതോടെ അവര്‍ പിന്‍മാറി. 

പിന്നീടു ഗവാസ്‌കര്‍ക്കെതിരെ വ്യാജ പരാതിയില്‍ കേസ് എടുക്കാന്‍ മ്യൂസിയം പൊലീസിനു മേല്‍ സമ്മര്‍ദമായി. അതോടെ രാവിലെ 11നു ലഭിച്ച ഗവാസ്‌കറുടെ പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് എടുത്തതു രാത്രി പത്തിനു ശേഷം. എന്നാല്‍ എഡിജിപിയുടെ മകള്‍ അതിനു ശേഷം നല്‍കിയ പരാതിയില്‍ രാത്രി ഏഴരയോടെ കേസെടുത്തു. ആദ്യ കേസ് മകളുടെ പരാതിയില്‍ എന്നു വരുത്താനായിരുന്നു ഇത്. എന്നാല്‍ മ്യൂസിയം പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു എഡിജിപിയുടെ മകള്‍ക്കെതിരെ കേസ് എടുത്തത്. അതോടെ അറസ്റ്റ് അനിവാര്യമായി. 

അതിനിടെയാണു രാത്രി തന്നെ കേസ് ജില്ലാ ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പിക്കു കൈമാറിയത്. അന്വേഷണം തങ്ങള്‍ ഉദ്ദേശിക്കുന്ന രീതിയിലല്ല മുന്നേറുന്നതെന്നു വ്യക്തമായതോടെ തൊട്ടടുത്ത ദിവസം കേസ് ക്രൈംബാഞ്ചിനു കൈമാറിയെന്ന പ്രഖ്യാപനം വന്നു.  

ക്രൈംബ്രാഞ്ച് പുതിയ കേസ് റജിസ്റ്റര്‍ ചെയ്താണ് അന്വേഷണം തുടങ്ങുക. പരാതിക്കാരന്റെയും പ്രതിയുടെയും സാക്ഷികളുടെയും മൊഴിയെല്ലാം രേഖപ്പെടുത്തി 'ശാസ്ത്രീയ' തെളിവെടുപ്പും പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിക്കുന്നതിനു മുന്‍പാകും അറസ്റ്റ്. അതിനു മാസങ്ങള്‍ വേണ്ടിവരും. അതുവരെ ചാടിക്കയറി അറസ്റ്റ് പാടില്ലെന്ന നിര്‍ദേശമാണു പൊലീസ് ആസ്ഥാനത്തുനിന്നു ക്രൈംബ്രാഞ്ച് ഉന്നതനു ലഭിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്