കേരളം

'ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്, മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ'

സമകാലിക മലയാളം ഡെസ്ക്

താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചതോടെ വിവാദം കൊഴുത്തു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വക്കേറ്റ് ജയശങ്കര്‍. രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ലെന്നും ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജയിലില്‍ ഉണ്ട തിന്ന് കിടന്നപ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയനാണ്. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവന്‍ കയ്യറ്റത്തെ കുരങ്ങു പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരത്തമ്പുരാക്കന്മാര്‍ക്കു തമ്പുരാക്കന്മാര്‍ തന്നെ സൃഷ്ടിച്ച സംഘടനയില്‍ ജനപ്രിയന്‍ സര്‍വ ശക്തനാണെന്നാണ് ജയശങ്കര്‍ പറയുന്നത്. ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലായിരുന്നെങ്കിലും നാല്‍വര്‍സംഘത്തിന് അമ്മയില്‍ പിടിച്ചു നില്‍കാന്‍ കഴിയില്ലായിരുന്നു. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവയാണെന്നും അദ്ദേഹം കുറിച്ചു. ഫേയ്‌സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

ആഡ്വ: ജയശങ്കറിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

അമ്മ സംഘടനയിലെ അമ്മായിഅമ്മപ്പോരു സഹിക്കാതെ നാലു നടികള്‍ ഭാവന,രമ്യ,ഗീതു,റിമ അംഗത്വം ഉപേക്ഷിച്ചു. ജനപ്രിയനായകനെ തിരിച്ചെടുത്തതാണ് പെട്ടെന്നുള്ള പ്രകോപനം.

ജനപ്രിയന്റെ തിരിച്ചുവരവും നാലു നടികളുടെ രാജിയും സാംസ്‌കാരിക കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അമ്മയെ അപലപിച്ചും നടികളെ അനുകൂലിച്ചും പ്രതികരണ തൊഴിലാളികള്‍ ഉറഞ്ഞു തുളളുകയാണ് വിഎസ് അച്യുതാനന്ദന്‍ മുതല്‍ വിടി ബല്‍റാം വരെ, വി മുരളീധരന്‍ മുതല്‍ എംഎ ബേബി വരെ. മുരളി തുമ്മാരുകുടി, ഡോ ശാരദക്കുട്ടി, ദീപാ നിഷാന്ത്, കെകെ ഷാഹിന, ഹരീഷ് വാസുദേവന്‍, സുനില്‍ പി ഇളയിടം മുതലായ ബുദ്ധിജീവികളുടെ കാര്യം പറയാനുമില്ല. സാമ്രാജ്യത്വത്തെയും ഫാസിസത്തെയും കഠിനമായി എതിര്‍ക്കുന്ന നടന്‍ അലന്‍സിയറും സംവിധായകന്‍ കമലും ഇതുവരെ മിണ്ടിക്കേട്ടില്ല.

രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും എന്തൊക്കെ പറഞ്ഞാലും അമ്മ സംഘടന നിലപാടു മാറ്റില്ല. ജനപ്രിയ നായകനെ ഒറ്റുകൊടുക്കില്ല. അച്യുതാനന്ദനും ബേബിയും ഐസക്കും ഒത്തുപിടിച്ചാലും ധീരസഖാക്കള്‍ മുകേഷും ഇന്നസെന്റും ഗണേശ കുമാരനും ഇളകില്ല.

താരത്തമ്പുരാക്കന്മാര്‍ക്കു തമ്പുരാക്കന്മാര്‍ തന്നെ സൃഷ്ടിച്ച പോക്കറ്റ് സംഘടനയാണ് 'അമ്മ'. മെഗാസ്റ്റാറും സൂപ്പര്‍ സ്റ്റാറും ജനപ്രിയനുമാണ് സംഘടനയിലെ ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്‍. ഇവരില്‍ ജനപ്രിയനാണ് സര്‍വശക്തന്‍.

ആലുവ സബ്‌ജെയിലില്‍ ഉണ്ട തിന്നു കിടക്കുമ്പോഴും അമ്മ സംഘടനയെ നിയന്ത്രിച്ചത് ജനപ്രിയന്‍. ഇന്നസെന്റും ഇടവേള ബാബുവുമൊക്കെ കുറവന്‍ കയ്യറ്റത്തെ കുരങ്ങു പോലെ. ചാടിക്കളിയെടാ കുഞ്ചിരാമാ എന്നു പറഞ്ഞാല്‍ ചാടിക്കളിക്കും അത്രതന്നെ.

ജയിലില്‍ നിന്നിറങ്ങിയ ജനപ്രിയന്‍ മുമ്പത്തേക്കാള്‍ ശക്തനും പ്രതികാര ദാഹിയുമാണ്. രാജിവെച്ചില്ലെങ്കില്‍ പോലും നാല്‍വര്‍ സംഘത്തിന് അമ്മയില്‍ തുടരാന്‍ കഴിയുമായിരുന്നില്ല. മഞ്ജു വാര്യര്‍, പാര്‍വതി, പൃഥ്വിരാജ് എന്നീ കുലംകുത്തികളുടെ കാര്യവും തഥൈവ.

ജനപ്രിയ നായകന്‍ കളി തുടങ്ങിയിട്ടേയുളളൂ. ശേഷം വെളളിത്തിരയില്‍.
ജനപ്രിയനൊപ്പം, പള്‍സറിനൊപ്പം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍