കേരളം

'എന്തിനാ പ്രായം തിരക്കുന്നത‌് എന്നെ കെട്ടാനാണോ?' ;  നൂറാം പിറന്നാൾ ആഘോഷത്തെ നർമ്മത്തിൽ മുക്കി കെ ആർ ​ഗൗരി

സമകാലിക മലയാളം ഡെസ്ക്

കേരള രാഷ്ട്രീയത്തിലെ പോരാട്ട വഴികളിലെ പകരം വെക്കാനില്ലാത്ത വിപ്ലവ താരകം കളത്തില്‍പറമ്പില്‍ രാമന്‍ ഗൗരി എന്ന കെആര്‍ ഗൗരിയമ്മ നൂറിന്റെ നിറവിലേക്ക്. 1919 ജൂലൈ 14 നാണ് ആലപ്പുഴയിലെ പട്ടണക്കാട്ട്, കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വതിയുടെയും മകളായി ഗൗരിയമ്മയുടെ ജനനം. മിഥുനത്തിലെ തിരുവോണമാണ് ഗൗരിയുടെ ജന്മനക്ഷത്രം. ഇതനുസരിച്ച് ഗൗരിയമ്മയുടെ നൂറാം പിറന്നാളാഘോഷം ഞായറാഴ്ച (ജൂലൈ 1) ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

നൂറാം പിറന്നാൾ ആഘോഷ ഭാഗമായി സംഘാടകസമിതിയുടെ ക്ഷണപ്രകാരം എത്തിയ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ, ആലപ്പുഴയിൽ ഇതിനും മാത്രം പത്രക്കാരുണ്ടോയെന്ന ചോദ്യത്തോടെയായിരുന്നു ​ഗൗരിയമ്മയുടെ വരവേൽപ്പ്. ചോദ്യങ്ങളോട് തമാശയോടെയും ചിലപ്പോൾ കോപത്തോടെയുമായിരുന്നു മറുപടി. ‘ വയസുകൂടുന്നത‌് ആർക്കെങ്കിലും ഇഷ‌്ടമുണ്ടോ? അതും നൂറുവയസാകുന്നത‌്’. പിറന്നാളിന‌് ഞാൻ ആഘോഷമൊന്നും നടത്തുന്നില്ല. കുറെ ആളുകൾ കൂടിയാണ‌് എല്ലാം ചെയ്യുന്നത‌്. സദ്യയുടെ കുറ്റവും കുറവും മേന്മയുമൊക്കെ അവരുടേതായിരിക്കും’. ‐എന്നായിരുന്നു പിറന്നാളിനെക്കുറിച്ച് പ്രതികരണം.

90 വയസായപ്പോൾ വന്നുകണ്ട പത്രക്കാരോട‌് തനിക്കിപ്പോഴും പതിനാറു വയസാണെന്ന് പറഞ്ഞത‌് ഓർമിപ്പിച്ചപ്പോൾ, ‘നീ എന്തിനാ പ്രായം തിരക്കുന്നത‌് എന്നെ കെട്ടാനാണോ'യെന്നായിരുന്നു ​ഗൗരിയമ്മയുടെ ചോദ്യം. ഒപ്പം ടി വി തോമസിന്റെയും ഗൗരിയമ്മയുടെയും വിവാഹഫോട്ടോയിലേക്ക് ചൂണ്ടി  ‘അയാൾ സഹിക്കി’ല്ലെന്ന കമന്റും.  ടി വി തോമസുമായി പിണങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോൾ, ‘ നീ എവിടത്തെ പത്രക്കാരനാണെടാ. ഭാര്യയും ഭർത്താവും തമ്മിൽ പിണങ്ങുന്ന കാര്യം ആരെങ്കിലും പറയുമോ’..എന്ന മറുചോദ്യമായിരുന്നു മറുപടി. 

ഭരണത്തെക്കുറിച്ചുള്ള ചോദ്യത്തിന്,  ‘ ഇവിടെ എല്ലാവർക്കും താമസിക്കാൻ സ്ഥലമായല്ലോ, മൂന്നും അഞ്ചും പത്തും സെന്റിലാണെങ്കിലും.’ എന്ന ഒറ്റവാചകത്തിൽ പ്രതികരണം. അമ്മ വിഷയം ചൂണ്ടിക്കാട്ടിയപ്പോൾ ദിലീപ് ഇത്ര വലിയ ആളാണോയെന്നായിരുന്നു മറുചോദ്യം. നടി മല്ലിക സുകുമാരൻ കാണാൻ വന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, ‘ മല്ലികയുടെ ഭർത്താവ‌് സുകുമാരൻ ഞങ്ങളുടെ പാർടി അംഗമായിരുന്നു. അവൾ എതിരുമായിരുന്നു’ എന്ന് പറഞ്ഞു. 

ചരിത്രഗതിയെ മാറ്റിമറിച്ച പോരാട്ടങ്ങളുടെ കല്ലും മുള്ളും നിറഞ്ഞ പാതകൾ താണ്ടിയാണ‌് ഗൗരിയമ്മ ജീവിതയാത്രയിൽ ഒരു നൂറ്റാണ്ട‌് തികയ‌്ക്കുന്നത‌്.  എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയ ​ഗൗരിയമ്മ, കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പാത പിന്തുടർന്നാണ് പൊതു പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നത്. 

ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ

1948 ൽ ​ഗൗരിയമ്മ  കമ്യൂണിസ‌്റ്റു പാർടി അംഗമായി.  സാമൂഹ്യ അനാചാരങ്ങൾക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായി ​ഗൗരിയമ്മ വളരെ പെട്ടെന്ന് തന്നെ മാറി.  1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ​ഗൗരിയമ്മ വിജയിച്ചു. 1957-ലെ പ്രഥമ കേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട ​ഗൗരിയമ്മ, ഇഎംഎസിന്റെ നേതൃത്വത്തുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാരിൽ റവന്യൂ, എക്സൈസ് വകുപ്പു മന്ത്രിയായി. ഭൂപരിഷ‌്കരണ ബില്ലടക്കം അവതരിപ്പിച്ച ഗൗരിയമ്മ കേരളത്തിന്റെ ഭാഗധേയം മാറ്റിക്കുറിക്കുന്നതിൽ കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളിലൊന്നായി.

ആദ്യ ഇഎംഎസ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന ടിവി തോമസാണ് ​ഗൗരിയമ്മയുടെ ഭർത്താവ്. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ അവർ വിഭിന്ന ചേരികളിലായി.  തോമസ് സിപിഐയിൽ നിലയുറപ്പിച്ചപ്പോൾ, ​ഗൗരിയമ്മ സിപിഎമ്മിനൊപ്പം നിലകൊണ്ടു. 

ടിവി തോമസും കെ ആർ ​ഗൗരിയമ്മയും

ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ രാവിലെ 11നു ഗൗരിയമ്മ കേക്ക് മുറിക്കുന്നതോടെയാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമാകുക. മുഖ്യമന്ത്രി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹ്യ രം​ഗത്തെ പ്രമുഖരെ പിറന്നാളാഘോഷത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.  അമ്പലപ്പുഴ പാൽപ്പായസം ഉൾപ്പെടെ വിഭവ സമൃദ്ധമായ സദ്യയാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്