കേരളം

വീപ്പയിലെ അസ്ഥികൂടം : ദുരൂഹതയുടെ ചുരുളഴിച്ച് പൊലീസ്, കൊല നടത്തിയത് മകളുടെ രഹസ്യകാമുകൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  പൊലീസിന് ഏറെ തലവേദന സൃഷ്ടിച്ച വീപ്പയിൽ കോൺക്രീറ്റ് നിറച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുടെ ചുരുളഴിച്ച് അന്വേഷണസംഘം. കൊല്ലപ്പെട്ട ഉദയംപേരൂർ സ്വദേശിനി ശകുന്തളയുടെ മകളുടെ രഹസ്യകാമുകനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ശകുന്തളയുടെ മൃതദേഹം നിറച്ച വീപ്പ കണ്ടെത്തിയതിന് തൊട്ടടുത്ത ദിവസം ഇയാൾ ദുരൂഹസാഹചര്യത്തിൽ മരിച്ചിരുന്നു. 

ശകുന്തളയുടെ മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ചെയ്തത് തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി സജിത്താണെന്ന് പൊലീസ് കണ്ടെത്തി. സജിത്തും ശകുന്തളയുടെ മകൾ അശ്വതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം ശകുന്തള ചോദ്യം ചെയ്താണ്‌ കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറയുന്നു. മയക്കുമരുന്ന് ഇടപാടുകാര്‍ അടക്കമുള്ളവരെക്കുറിച്ചും മറ്റും എക്‌സൈസിനും പോലീസിനും വിവരം നല്‍കിയിരുന്ന ഇന്‍ഫോര്‍മറായിരുന്നു മരിച്ച സജിത്ത്.

അശ്വതിയെ ഇന്നലെ രാവിലെ മുതൽ രാത്രി വരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നുണപരിശോധനയ്ക്കുള്ള സമ്മതപത്രവും പൊലീസ് അശ്വതിയിൽ നിന്നും വാങ്ങിയിട്ടുണ്ട്. ശകുന്തളയുടെ വളർത്തമ്മയായ സരസുവിന്റെ കോട്ടയത്ത് താമസിക്കുന്ന മൂത്ത മകളെ ഇന്നലെ വിളിച്ചുവരുത്തി അശ്വതിയുടെ രണ്ട് മക്കളുടെയും സംക്ഷണം ഏറ്റെടുക്കാമോ എന്ന് പൊലീസ് ചോദിച്ചതായും റിപ്പോർട്ടുകളുണ്ട്. രണ്ടു മക്കളുടെ അമ്മയായ അശ്വതി വിവാഹമോചിതയാണ്. 

പ്രതികളെന്ന് സംശയിക്കുന്നവരെയും, കേസുമായി ബന്ധമുള്ളവരെയും പൊലീസ് ഇന്നലെ രാത്രി വൈകിയും ചോദ്യം ചെയ്യൽ നടത്തിയിരുന്നു. അശ്വതിയുടെ സുഹൃത്തും വാദ്യകലാകാരനുമായ കോഴിക്കോട് സ്വദേശി, മറ്റൊരു സുഹൃത്ത് പനങ്ങാട് സ്വദേശി എന്നിവരെയും ചോദ്യം ചെയ്തിരുന്നു. അശ്വതിയും സജിത്തും തമ്മിലുള്ള രണ്ട് വർഷത്തിലേറെയുള്ള ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളും പൊലീസിന്റെ കയ്യിലുണ്ട്. 

തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ സജിത്ത്, പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കുകയായിരുന്നോ, ഇയാളുടെ മരണത്തിന് പിന്നിൽ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ്  അന്വേഷിക്കുന്നുണ്ട്. സജിത്തിന്റെ മൃതദേഹത്തില്‍ നിന്നും പൊട്ടാസിയം സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. വീപ്പ കായലിൽ ഒഴുക്കിയ നാലുപേരെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. വീപ്പയ്ക്കകത്ത് മൃതദേഹമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. 

2016 സെപ്തംബറിൽ ശകുന്തള കൊല്ലപ്പെട്ടതായാണ് സൂചന. 2018 ജനുവരി എട്ടിനാണ് കുമ്പളം കായലിൽ നിന്ന് കണ്ടെടുത്ത വീപ്പയിൽ നിന്ന് കോൺക്രീറ്റ് നിറച്ച അവസ്ഥയിൽ ശകുന്തളയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് വീപ്പക്കുള്ളിലെ കോണ്‍ക്രീറ്റ്‌ പൊട്ടിച്ച് പരിശോധിച്ചത്. ഡിഎന്‍എ പരിശോധനയിലാണ് ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്