കേരളം

യേശുദാസിന്റെ ഹരിവരാസനം കേള്‍പ്പിച്ചല്ല ശബരിമല നട അടയ്ക്കുന്നത്, അതു തിരുത്തേണ്ട കാര്യമില്ലെന്ന് ദേവസ്വം പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: യേശുദാസ് പാടിയ പാട്ടു കേള്‍പ്പിച്ചാണ് ശബരിമലയില്‍ നട അടയ്ക്കുന്നത് എന്നത് ആളുകള്‍ തെറ്റായി ധരിച്ചുവച്ചിരിക്കുന്ന കാര്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. മേല്‍ശാന്തിമാരും സഹ ശാന്തിമാരും ചേര്‍ന്നാണ് നട അടയ്ക്കുമ്പോള്‍ ഹരിവരാസനം പാടുന്നത്. അത് യേശുദാസ് പാടിയ സിനിമാപ്പാട്ടിന്റെ ഈണത്തിലല്ലെന്നും അതുകൊണ്ടുതന്നെ തിരുത്തേണ്ട കാര്യമില്ലെന്നും പദ്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ അയ്യപ്പനെ പാടി ഉറക്കുന്ന ഹരിവരാസനത്തില്‍ തെറ്റില്ല. യേശുദാസ് പാടിയ പാട്ടു കേള്‍പ്പിച്ചാണ് ശബരിമലയില്‍ നട അടയ്ക്കുന്നതെന്നത് ആളുകള്‍ തെറ്റായി ധരിച്ചു വച്ചിരിക്കുന്നതാണ്. ശബരിമലയിലെ മേല്‍ശാന്തിയും സഹ ശാന്തിക്കാരും ചേര്‍ന്നാണ് നട അടയ്ക്കുമ്പോള്‍ ഹരിവരാസനം പാടുന്നത്.

സിനിമാ പാട്ടിന്റെ ഈണത്തിലല്ല ഈ പാട്ട്. ഓരോ വരികള്‍ക്കും ഇടയില്‍ സ്വാമി എന്നു കൂടി ചേര്‍ത്തു വേറെ ഈണത്തിലാണു പാടുന്നത്. അവസാന നാലു വരിയാകുമ്പോള്‍ ഓരോ വിളക്കു വീതം അണച്ചു ശാന്തിക്കാര്‍ പിന്നിലേക്കു നടന്നു മന്ത്രം ചൊല്ലിയാണ് നട അടയ്ക്കുന്നത്. അവര്‍ പാടുന്ന ഹരിവരാസനത്തില്‍ തെറ്റില്ല. അരി വിമര്‍ദനം എന്നു തന്നെയാണ് അവരുടെ പാട്ടിലുള്ളത്. അതുകൊണ്ട് തന്നെ ഹരിവരാസനം തിരുത്തേണ്ട കാര്യമില്ലെന്ന് പദ്മകുമാര്‍ ചൂണ്ടിക്കാട്ടി.

നട അടയ്ക്കുമ്പോള്‍ പുറത്തുള്ളവര്‍ക്കു വേണ്ടിയാണ് യേശുദാസ് പാടിയ പാട്ട് കേള്‍പ്പിക്കുന്നത്. ഇതു ശ്രീകോവിലില്‍ കേള്‍ക്കില്ല. പുറത്തു കേള്‍പ്പിക്കുന്ന പാട്ട് തിരുത്തുന്നതു സംബന്ധിച്ചു ഹരിവരാസനം ട്രസ്റ്റ് യേശുദാസിനെ സമീപിച്ചിരുന്നു. പാടിപ്പതിഞ്ഞ പാട്ട് തിരുത്തണോ എന്ന സംശയം അദ്ദേഹം ഉന്നയിച്ചിരുന്നതായും പദ്മകുമാര്‍ പറഞ്ഞു. തീരുമാനം അദ്ദേഹം എടുക്കട്ടേയെന്നാണ് ഹരിവരാസനം ട്രസ്റ്റും ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തി പാടിയില്ലെങ്കില്‍ പഴയ പാട്ടു തന്നെ ശബരിമലയില്‍ ഉപയോഗിക്കും. ഇന്ത്യയിലെ പ്രമുഖ ഗായകരെ എല്ലാം ഉള്‍പ്പെടുത്തി ഹരിവരാസനം പാടിക്കുന്നതിനെക്കുറിച്ചും ട്രസ്റ്റ് ആലോചിക്കുന്നുണ്ടെന്നു പദ്മകുമാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ