കേരളം

ബിജെപിയുടെയും യുഡിഎഫിന്റെയും വാദം തള്ളി ; ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ നാമനിര്‍ദേശ പത്രികയ്‌ക്കെതിരെ ബിജെപിയും യുഡിഎഫും ഉന്നയിച്ച വാദങ്ങള്‍ വരണാധികാരി തള്ളി. സജി ചെറിയാന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പത്രിക സ്വീകരിക്കാതിരിക്കാന്‍ കാരണമായതല്ലെന്ന് വരണാധികാരി വ്യക്തമാക്കി.

സജി ചെറിയാന്‍ സാമ്പത്തിക കാര്യങ്ങള്‍ സംബന്ധിച്ച് യഥാര്‍ത്ഥ വസ്തുത രേഖപ്പെടുത്തിയിട്ടില്ലെന്നും, സ്വത്ത് സംബന്ധിച്ച് മറച്ചുവെച്ചിട്ടുണ്ടെന്നുമായിരുന്നു ആരോപണം. കൂടാതെ സജി ചെറിയാന്റെ ആലപ്പുഴയിലെ സ്വത്തുക്കളുടെ മൂല്യം കുറച്ചാണ് കാണിച്ചിട്ടുള്ളതെന്നും യുഡിഎഫും ബിജെപിയും പരാതിയില്‍ ഉന്നയിച്ചിരുന്നു. 

സജി ചെറിയാന്റെ 17 ആധാരങ്ങളുടെ കാര്യം മറച്ചുവെച്ചു, സജി ചെറിയാന്‍ ചെയര്‍മാനായ കരുണ ട്രസ്റ്റിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ എ കെ ഷാജിയാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. തുടര്‍ന്ന് ബിജെപിയും യുഡിഎഫും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കുകയായിരുന്നു.

കൂടാതെ സജി ചെറിയാന്‍ നാല് ക്രിമിനല്‍ കേസില്‍ പ്രതിയാണെന്നും ഇക്കാര്യവും പത്രികയില്‍ നിന്ന് മറച്ചുവെച്ചതായും ആക്ഷേപം ഉന്നയിച്ചിരുന്നു. ചെങ്ങന്നൂരില്‍ സജി ചെറിയാനെ കൂടാതെ, യുഡിഎഫിന്റെ ഡി വിജയകുമാറും, ബിജെപിയുടെ പി എസ് ശ്രീധരന്‍പിള്ളയുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു