കേരളം

എ.ആര്‍. റഹ്മാന്‍ ഷോ മഴകൊണ്ടുപോയി; ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം മടക്കിനല്‍കുമെന്ന് ഫ്‌ലവേഴ്‌സ് ടിവി

സമകാലിക മലയാളം ഡെസ്ക്

എ.ആര്‍ റഹ്മാന്‍ നയിക്കുന്ന സംഗീത പരിപാടിയായ എ.ആര്‍ റഹ്മാന്‍ ഷോ മഴ കാരണം മാറ്റിവെച്ചതിനെത്തുടര്‍ന്ന് ടിക്കറ്റ് വാങ്ങിയവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് സംഘാടകരായ ഫ്‌ലവേഴ്‌സ് ടിവിയുടെ മാനേജിംഗ് ഡയറക്റ്റര്‍ ആര്‍. ശ്രീകണ്ഠന്‍ നായര്‍ അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ തുറന്ന സദസ്സില്‍ നടക്കാനിരുന്ന പരിപാടി മഴകാരണം മാറ്റിവെക്കുകയായിരുന്നു. 

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മൂന്ന് ദിവസത്തിന് ശേഷം പണം മടക്കി നല്‍കുമെന്നും നേരിട്ട് പണം നല്‍കി വാങ്ങിയവര്‍ക്ക് കടവന്ത്രയിലെ ഫ്‌ലവേഴ്‌സ് ടിവി ഓഫീസില്‍ മെയ് 15 മുതല്‍ നല്‍കുമെന്നും വ്യക്തമാക്കി. 

പരിപാടിയ്ക്കായി സ്ഥാപിച്ച ഇലക്ട്രിക്ക് കേബിളുകള്‍ വെള്ളത്തിനടിയിലായതോടെ, ഷോ കാണാനെത്തുന്നവരുടെ സുരക്ഷയെ മാനിച്ചാണ് ഷോ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതെന്നാണ് ഫ്‌ലവേഴ്‌സ് പറയുന്നത്. ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ ഷോ നടത്തുന്നത് കാണികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വിദഗ്ദ്ധ അഭിപ്രായം കണക്കിലെടുക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കി. പരിപാടിയുടെ പുതുക്കിയ തിയതി അറിയിക്കും. 

പരിപാടി മുടങ്ങിയതോടെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷമായ വിമര്‍ശനമാണ് ഫ്‌ലവേഴ്‌സിന് എതിരേ ഉയരുന്നത്. കാണികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും കഴിഞ്ഞദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തിട്ടും പരിപാടിയുടെ വേദി മാറ്റാതിരുന്നതുമെല്ലാം വിമര്‍ശനത്തിന് കാരണമായി. മാസങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച പരിപാടിയായിരുന്നു ഇത്. എ.ആര്‍ റഹ്മാന്‍ എത്തുന്നതിനാല്‍ ഷോയുടെ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റുപോയത്. മഴ പെയ്തിട്ടും പരിപാടി കാണാന്‍ നിരവധി പേരാണ് എത്തിയത്. എന്നാല്‍ പരിപാടി മാറ്റിവെച്ചതിന് ശേഷം അത് കൃത്യമായ അറിയിപ്പുകള്‍ പോലും നല്‍കിയില്ലെന്നും വിമര്‍ശനമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്