കേരളം

വിഷാംശം കൂടുതല്‍ ഈ പച്ചക്കറികളില്‍; കൃഷിവകുപ്പിന്റെ പുതിയ പരിശോധനാഫലം പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇലക്കറികളിലും മുളകിലും കീടനാശിനി പ്രയോഗം നിര്‍ദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണി കേന്ദ്രത്തിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലാബ് വഴി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. പഠനത്തെ ആസ്പദമാക്കി കൃഷിവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പച്ചമുളക്, മല്ലിയില, കറിവേപ്പില, പാലക് ചീര, സെലറി, മഞ്ഞ കാപ്‌സിക്കം, ബജി മുളക്, സാമ്പാര്‍ മുളക് എന്നിവയില്‍ വിഷാംശം നിര്‍ദേശിക്കപ്പെട്ട അളവിലും കൂടുതലാണെന്ന വിവരം പുറത്തുവിട്ടത്. 

നാടന്‍ പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും വിഷാംശം ഇല്ലെന്നും ജൈവ ബ്രാന്‍ഡ് എന്ന ലേബലില്‍ വില്‍ക്കുന്ന എറണാകുളത്തെ സ്വകാര്യ ഹൈപ്പര്‍ മാര്‍ക്കറ്റില്‍നിന്നും ശേഖരിച്ച ക്യാപ്‌സിക്കം, ബജിമുളക്, മുന്തിരി, ഫാഷന്‍ ഫ്രൂട്ട് എന്നിവയില്‍ ഏഴോളം കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന എക്കോ ഷോപ്പുകളില്‍ നിന്ന് ശേഖരിച്ച 14ഇനം പച്ചകറികളുടെ 22 സാമ്പിളുകളില്‍ ഒന്നില്‍ മാത്രമാണ് കീടനാശിനിയുടെ അവശിഷ്ടം കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ വില്‍പനയ്‌ക്കെത്തിച്ച വിദേശ ആപ്പിള്‍ ഇനങ്ങളിലും കറുത്ത മുന്തിരിയിലും കുരു ഇല്ലാത്ത പച്ച മുന്തിരിയിലും പുതുനിര കീടനാശിനി കണ്ടെത്തി.

മാസം 200പച്ചകറികള്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന വെള്ളായണി ലാബില്‍ 2017ജനുവരി മുതല്‍ പൊതുവിപണിയില്‍ നിന്ന് 285സാമ്പിളുകള്‍ ശേഖരിച്ചു. പഴങ്ങള്‍, പച്ചക്കറികള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്നായി 59 പച്ചക്കറികളുടെ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമായത്. 

സംസ്ഥാനത്ത് പച്ചകറികളില്‍ മാരക കീടനാശിനികളുടെ പ്രയോഗം കുറഞ്ഞിട്ടുണ്ടെന്നും പരിശോധനയ്ക്ക് വിധേയമായ 285സാമ്പിളുകളില്‍ 72.2ശതമാനം പച്ചകറിയും സുരക്ഷിതമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാരകവിഷാംശങ്ങള്‍ക്ക് പകരം ദോഷം കുറഞ്ഞ പുതുനിര കീടനാശിനികളുടെ സാന്നിധ്യമാണ് കണ്ടെത്തിയതെന്നും ഇത് സംസ്ഥാനത്തെ കര്‍ഷകര്‍കരിലും കീടനാശിനിവ്യാപാരികളിലും നിയമബോധം വളര്‍ന്നതിന്റെ ഫലമാണെന്നും കീടനാശിനി പരിശോധനാ ലാബ് മേധാവി ഡോ. തോമസ് ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി