കേരളം

മാധ്യമങ്ങളല്ല പിണറായിയാണ് നാടിനെ അപമാനിക്കുന്നത്; ഏത് മഹാരാജാവായാലും പറയാനുള്ളത് പറയുമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാധ്യമങ്ങളെയും പ്രതിപക്ഷത്തേയും  വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാടിനെ അപമാനിക്കുന്നത് മാധ്യമങ്ങളല്ല, മുഖ്യമന്ത്രിയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് സമനില തെറ്റിയാണ്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഗുരുതരമായ ക്രമസമാധന പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി മറ്റാരുമല്ല മുഖ്യമന്ത്രി തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

തന്റെ കഴിവുകേട് മറച്ചുവയ്ക്കാനാണ് അദ്ദേഹം പ്രതിപക്ഷത്തേയും മാധ്യമങ്ങളേയും അടിക്കടി കുറ്റപ്പെടുത്തുന്നത്. വിഡ്ഡിത്തം വിളമ്പുന്നതില്‍ കേമനാണ് മുഖ്യമന്ത്രി, അദ്ദേഹം തന്റെ കസേരയിലിരിക്കാന്‍ യോഗ്യനല്ലെന്ന് ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇഎംഎസിനെപ്പോലുള്ള മഹാന്‍മാരിരുന്ന കസേരയിലാണ് പിണറായി വിജയന്‍ ഇരിക്കുന്നത് എന്നുള്ള അനുതാപമാണ് അദ്ദേഹത്തോടുള്ളത് എന്നും ചെന്നിത്തല പരിഹസിച്ചു. 

തനിക്കെതിരായി ആരും ചോദ്യം ചോദിക്കരുത് എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഖ്യമന്ത്രിയാകണം. പാര്‍ട്ടി സെക്രട്ടറിയല്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് താന്‍ എന്ന തോന്നലില്ലാതെയാണ് രണ്ടുദിവസമായി മുഖ്യമന്ത്രിയുടെ പ്രതികരണങ്ങള്‍ വരുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു.

പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും മിണ്ടാതിരിക്കണം എന്നു പറയുന്നത് കേരളത്തില്‍ നടപ്പുള്ള കാര്യമല്ല എന്ന് പിണറായി വിജയന്‍ മനസ്സിലാക്കണം. വിടുവായത്തം പറയുന്നത് താനല്ല, മുഖ്യമന്ത്രിയാണ്. താന്‍ പറയാനുള്ളത് പറയും, ജനങ്ങളോടുള്ള കടമ നിറവേറ്റുമെന്നും ചെന്നിത്തല പറഞ്ഞു. കെവിനെ കാണാനില്ല എന്ന ഭാര്യ നീനുവിന്റെ പരാതി പൊലീസ് സ്വീകരിച്ചില്ല എന്ന സത്യം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ് പിണറായിയെ പ്രകോപിപ്പിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പാൡച്ചയുണ്ടെങ്കില്‍ പാളിച്ചയുണ്ടായി എന്ന് ഏറ്റുപറയാനുള്ള വിവേകം മുഖ്യമന്ത്രി കാട്ടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പിണറായി വിജയനല്ല ഏത് മഹാരാജാവിരുന്നാലും എനിക്ക് പറയാനുള്ള കാര്യങ്ങള്‍ പറയും, ജനങ്ങളെ അറിയിക്കും, അതെന്റെ ഉത്തരവാദിത്തമാണ്, ചെന്നിത്തല പറഞ്ഞു. താന്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഇത്തരത്തില്‍ ഒരു സംഭവവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു