കേരളം

മാധ്യമങ്ങള്‍ നാടിനെ അപമാനിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാടിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ മാധ്യമ ധര്‍മം നിറവേറ്റുകയാണ് വേണ്ടത്. എന്നാല്‍ അതല്ല ചില മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 

ഒരു കൊലപാതകമുണ്ടാവുമ്പോള്‍ അതിലെ കുറ്റക്കാരനെ പിടിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പകരം മുഖ്യമന്ത്രിയുടെ സുരക്ഷയാണ് കൊലപാതകത്തിനു കാരണമെന്നു വരുത്തിത്തീര്‍ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്. ഈ നാട്ടില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ നടക്കുന്നത് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ ചിത്രീകരിച്ചത്. ഇത് നാടിനെ അപമാനിക്കലാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയാല്‍ മതി, വിധി പറയുന്നവര്‍ ആകേണ്ടെന്ന് ചാനല്‍ അവതാരകര്‍ക്കു നേരെയുള്ള പരാമര്‍ശങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുടെ ഭാഗത്തുനിന്ന് ക്രിയാത്മക വിമര്‍ശനങ്ങളുണ്ടായാല്‍ സ്വീകരിക്കും. ഈ സംഭവത്തില്‍ ഇപ്പോള്‍ സ്വീകരിച്ച നടപടികള്‍ പോരെങ്കില്‍ പറയാം. അതു പരിശോധിക്കും-മുഖ്യമന്ത്രി പറഞ്ഞു.

മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരമാണ് ചില മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. ചില ചോദ്യങ്ങള്‍ ചോദിക്കണമെന്ന് അവര്‍ക്കു നിര്‍ദേശം കിട്ടിയിരിക്കുകയാണ്. ഇതു ജനങ്ങളെ അറിയിക്കാനാണ് ഒരു മാധ്യമ പ്രവര്‍ത്തക ചോദ്യം ചോദിച്ചപ്പോള്‍ ഏതാണ് ചാനല്‍ എന്നു തിരിച്ചു ചോദിച്ചത്. നിങ്ങള്‍ ആരൊക്കെയാണെന്ന് ജനങ്ങളെ അറിയിക്കേണ്ട ബാധ്യത തനിക്കുമുണ്ടല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷയാണ് പരാതി സ്വീകരിക്കാന്‍ തടസമായതെന്ന് പരാതിക്കാരി പറഞ്ഞിട്ടില്ല. അതു മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

കോട്ടയത്തെ സംഭവത്തില്‍ എസ്‌ഐയുടെ വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധമില്ല. എസ്‌ഐ മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന സംഘത്തില്‍ ഉണ്ടാവുന്നത് സ്വാഭാവികം മാത്രമാണ്. എന്നാല്‍ അതിന്റെ പേരില്‍ പരാതി സ്വീകരിക്കാതിരിക്കേണ്ടതില്ല. ഇതു ചുമതലയിലെ വീഴ്ചയാണ്. അതുകൊണ്ടാണ് എസ്‌ഐക്കു നേരെ നടപടിയുണ്ടായത്. അലംഭാവമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ സുരക്ഷ ഇപ്പോള്‍ ഉണ്ടായതല്ല. അതു തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ല. സുരക്ഷയില്‍ വീഴ്ച വന്നാല്‍ അതിന്റെ പേരിലാവും വിമര്‍ശനം ഉയരുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിടുവായത്തം പറയുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട സംഭവങ്ങളെ പൊലീസിന്റെ ആകെ വീഴ്ചയായി കാണുന്നില്ല. മരിച്ച കെവിന്റെ വീട്ടില്‍ പോവാന്‍ തല്‍ക്കാലം തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ