കേരളം

ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം; സത്രീകള്‍ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവികശക്തിയെന്ന് എംടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ നൂറ്റാണ്ട് പിന്നോട്ട് നടത്താനുള്ള നീക്കമാണെന്ന് എം ടി വാസുദേവന്‍ നായര്‍. നവോത്ഥാനത്തിലൂടെ പുതിയ സംസ്‌കാരമഹിമ ആര്‍ജിച്ച കേരളത്തിന് അപമാനമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. നാടിന്റെ ഭാവി അഭിലഷിക്കുന്ന ഒരാളും ഇതിനെ പിന്തുണക്കില്ലെന്ന് എംടി പറഞ്ഞു.

സ്ത്രീപ്രവേശം ആകാമെന്ന കോടതിവിധിക്കെതിരെ  സ്ത്രീകളെ സംഘടിപ്പിച്ചാണ് സമരം. ഇത് പിന്നോട്ടുപോകലാണ്. 'ഇന്നലെ ചെയ്‌തോരബദ്ധം മൂഢര്‍ക്കിന്നത്തെ ആചാരമാവാം, നാളത്തെ ശാസ്ത്രമതാവാം, അതില്‍ മൂളായ്ക സമ്മതം   രാജന്‍' എന്ന് ആശാന്‍ എഴുതിയതാണ് ഇവരെ ഓര്‍മിപ്പിക്കാനുള്ളത്. പഴയ തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമ്പോള്‍ നമ്മളെ ചിലര്‍ തിരിച്ചുനടത്തിക്കുകയാണ്. അങ്ങേയറ്റം അപകടമാണിത്. ഇവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണ്.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശ സത്യഗ്രഹത്തെയും ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഗുരുവായൂരപ്പന്റെ തേജസ്സിന് കുറവുവരുമെന്നായിരുന്നു അക്കാലത്തെ പ്രചാരണം. എന്നാല്‍, ആ തേജസ്സിന് ഒട്ടും കുറവുണ്ടായില്ലെന്ന് ദൈവവിശ്വാസികള്‍ക്കറിയാം. തെറ്റുകള്‍ തെറ്റായി നിലനിര്‍ത്താമെന്ന് കരുതുന്നത് മൂഢത്തരമാണ്.

ഇപ്പോഴുണ്ടായതുപോലുള്ള പുരോഗമനപരമായ വിധി കോടതിയില്‍നിന്ന് വരികയെന്നത്  നിയമവ്യവസ്ഥയില്‍ അപൂര്‍വമാണ്. അത് നടപ്പാക്കല്‍ സര്‍ക്കാര്‍ ബാധ്യതയും. അതിനെ എങ്ങനെ തകരാറിലാക്കാമെന്ന ആലോചനയിലാണീ പ്രതിഷേധങ്ങള്‍. സ്ത്രീയെ രണ്ടാംതരക്കാരാക്കി നിലനിര്‍ത്താന്‍ സ്ത്രീകളെത്തന്നെ കരുവാക്കി പ്രശ്‌നമുണ്ടാക്കുകയാണ്.  ഇന്നല്ലെങ്കില്‍ നാളെ എല്ലാവര്‍ക്കും ശരിയായ വഴി അംഗീകരിക്കേണ്ടിവരും. ചെയ്തത് തെറ്റെന്ന് തോന്നുന്ന നാള്‍ വരും. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ ചൈതന്യം പോകുമെന്നായിരുന്നു ഒച്ചപ്പാട്. സ്ത്രീയോ ഏതെങ്കിലും ജാതിക്കാരനോ കടന്നുവന്നാല്‍ ഇല്ലാതാകുന്നതല്ല ദൈവീകശക്തി. അതവിടത്തന്നെയുണ്ടാകുമെന്നും എം ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ