കേരളം

ശബരിമല ക്രമസമാധാനനില വഷളാകാന്‍ സാധ്യത; പ്രതിഷേധക്കാര്‍ പല സംഘങ്ങളായെത്തും; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മണ്ഡല-മകരവിളക്കിനായി വെള്ളിയാഴ്ച വൈകീട്ട് നട തുറക്കും. അതിനിടെ ശബരിമലയിലെ ക്രമസമാധാനനില വഷളാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇന്റലിജന്‍സ്. പലസംഘങ്ങളായി ശബരിമലയിലെത്താനാണ് പ്രതിഷേധക്കാര്‍ തയ്യാറെടുക്കുന്നതെന്നാണ് ഇന്റലിജന്‍സ് പറയുന്നത്. അതില്‍ കൂടുതല്‍ സംഘങ്ങള്‍ കാനനപാത വഴിയാകും എത്തുക. പൊലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരും

തുലാമാസ പൂജയ്ക്കും ചിത്തിരആട്ട വിശേഷത്തിനുമായി നട തുറന്നപ്പോള്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധിയെ തുടര്‍ന്ന് സന്നിധാനവും പരിസരപ്രദേശങ്ങളും സംഘര്‍ഷഭൂമിയായിരുന്നു. ഹിന്ദു സംഘടനകളുടെ പ്രതിഷേധം പലസമയത്തും സംഘര്‍ഷമായി മാറിയിരുന്നു. അന്‍പത് വയസ്സുകഴിഞ്ഞ സ്ത്രീകള്‍ക്കും ദര്‍ശനത്തിനെത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയും വലിയ തോതില്‍ ആക്രമണം ഉണ്ടായിരുന്നു. രണ്ടായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചിട്ടും ക്രമസമാധാനപാലനം എളുപ്പമായിരുന്നില്ല. മണ്ഡല- മകരവിളക്കിനായി 66 ദിവസങ്ങളോളമാണ് നടതുറക്കുക. രണ്ട് മാസത്തോളം ക്രമസമാധാനപാലനം പൊലീസിനെ സംബന്ധിച്ച് ഏറെ ദുഷ്‌കരമാകും. 

ഇതുവരെ കേരളത്തിന് പുറത്തുനിന്നായി 800 ലേറെ വനിതളാണ് ശബരിമല ദര്‍ശനത്തിനായി  ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്നുള്ള തൃപ്തി ദേശായിയും സംഘവും അയ്യപ്പദര്‍ശനത്തിനായി ശനിയാഴ്ച എത്തുമെന്നും മതിയായ സുരക്ഷകള്‍ ഒരുക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രതിഷേധവുമായി രംഗത്തെത്താന്‍ ഹൈന്ദവ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രമുഖനേതാക്കളെല്ലാം മണ്ഡല-മകരവിളക്ക് കാലയളവില്‍ സന്നിധാനത്ത് തന്നെ തങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം ശബരിമലയില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴു ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ചിത്തിര ആട്ടതിരുന്നാളിന് നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്തി. ശബരിമലയിലും പരിസരങ്ങളിലും വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകരെ ഇലവുങ്കല്‍ തടഞ്ഞു. തീര്‍ഥാടകരെ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മാത്രമായിരിക്കും കടത്തി വിടുക.

നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല. 16 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ശനിയാഴ്ച, വൃശ്ചികം ഒന്നിന് പുതിയ മേല്‍ശാന്തിമാരായിരിക്കും പുലര്‍ച്ചെ നട തുറക്കുക. തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ഡിസംബര്‍ 27ന് നടക്കും. അന്നു രാത്രി 10 ന് നട അടയ്ക്കും. ഡിസംബര്‍ 30 ന് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. ജനുവരി 14 ന് ആണ് മകരവിളക്ക്. തീര്‍ഥാടനം പൂര്‍ത്തിയാക്കി ജനുവരി 20 ന് നട അടയ്ക്കും.

മണ്ഡലമകരവിളക്ക് തീര്‍ഥാടന കാലത്ത് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ശബരിമല സന്നിധാനത്തും പമ്പയിലും ബേസ് ക്യാംപായ നിലയ്ക്കലും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. പ്രളയത്തില്‍ പമ്പ ത്രിവേണിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഇടപെടുകയും നിലയ്ക്കല്‍ പുതിയ ബേസ് ക്യാംപായി ഉയര്‍ത്തുന്നതിന് ടാറ്റാ കണ്‍സ്ട്രക്ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.

പമ്പ ത്രിവേണിയിലെ കെട്ടിട അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും നിലയ്ക്കല്‍ വിരിവയ്ക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെയും വിവിധ ഏജന്‍സികളെയും ഏകോപിപ്പിച്ചാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്. ഇക്കുറി തീര്‍ഥാടകര്‍ വലിയ തോതില്‍ ദര്‍ശനത്തിന് എത്തുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി