കേരളം

വിമോചന സമരത്തിന്റെ അന്തരീക്ഷം ഉണ്ടാക്കാന്‍ ബിജെപി ശ്രമം ; വിശ്വാസത്തിന്റെ പേരില്‍ നടക്കുന്നത് വിശ്വാസികള്‍ക്കെതിരായ അക്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ ബിജെപി സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിശ്വാസത്തിന്റെ പേരില്‍ നടക്കുന്നത് വിശ്വാസികള്‍ക്കെതിരായ അക്രമമാണ്. ശബരിമല തീര്‍ത്ഥാടകരെ തടയാനാണ് ബിജെപി റോഡ് ഉപരോധിക്കുന്നത്. ഒരു വിമോചന സമരത്തിന്റെ അന്തരീക്ഷം കേരളത്തില്‍ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. 

വിമോചന സമരകാലത്തും ഇങ്ങനെയായിരുന്നു അവസ്ഥ. മന്ത്രിമാര്‍ പോകുന്ന സ്ഥലത്ത് അക്രമണം നടത്തുക, ഇതൊക്കെ ആ കാലത്ത് നടന്നതാണ്. ആ വിമോചന സമരത്തിന്റെ പുതിയ പതിപ്പാണ് സംഘപരിവാറുകാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് തുടര്‍ന്നാല്‍ എന്താകും അവസ്ഥ. ഇത് അനുവദിക്കാന്‍ ആകില്ല. അക്രമം നേരിടാന്‍ സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. 

നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത് കേന്ദ്ര ആഭ്യന്തര വകുപ്പാണ്. കോടതി വിധി നടപ്പാകാന്‍ ആവസ്യമായ സ്ഥലത്തെല്ലാ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ട് നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ഹോം സെക്രട്ടറി നിര്‍ദേശം നല്‍കിയത്. ആ നിര്‍ദേശം നടപ്പാക്കിയതിന്റെ പേരില്‍ ബിജെപിക്കാര്‍ തന്നെ ലംഘിക്കുകയാണ്. ഇത് വിരോധാഭാസമാണ്. ബിജെപിയുടെ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ടി നടത്തുന്ന നീക്കം മാത്രമാണ്. ഇതിന് ജനപിന്തുണയില്ല. അക്രമകാരികളെ രംഗത്തിറക്കിയുള്ള കലാപനീക്കമാണിത്. വെറും പൊലീസ് നടപടി കൊണ്ട് മാത്രം ഇതിനെ നേരിടാന്‍ സാധിക്കില്ല. ഈ കലാപനീക്കത്തെ ജനങ്ങള്‍ തന്നെ ചെറുത്ത് തോല്‍പ്പിക്കണം. 

എന്‍എസ്എസ് ആര്‍എസ്എസിന്റെ കൂടെ കൂടുന്ന സംഘടനയല്ല. എന്‍എസ്എസ് ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അക്രമസമരങ്ങളിലേക്ക് അവര്‍ പോയിട്ടില്ല. അവര്‍ സദുദ്ദേശപരമായി ചില കാര്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. പരമാവധി അവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിച്ചിട്ടുണ്ട്. അതിനാലാണ് സുപ്രിംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്. 

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു പിടിവാശിയുമില്ല. കോടതി വിധി വന്നത് മാത്രമാണ് ഇവിടുത്തെ പ്രശ്‌നം. നേരത്തെ 1991 ല്‍ ഹൈക്കോടതി യുവതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ അത് നടപ്പാക്കി. ഇപ്പോള്‍ സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തേണ്ടതില്ലെന്ന് വിധിച്ചു. സുപ്രിംകോടതി വിധി നടപ്പാക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമോയെന്ന് കോടിയേരി ചോദിച്ചു.  ബിജെപിക്ക് ഇതില്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പോരേ. എന്തിനാണ് സമരം നടത്തുന്നത്. ഈ പറയുന്ന ബിജെപിക്കാരായ നേതാക്കന്മാര്‍ അറസ്റ്റ് വരിക്കാന്‍ പോകുന്നതിന് പകരം, നേരെ ഡല്‍ഹിയില്‍ പോയി നരേന്ദ്രമോദിയെ കാണുക. ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയുക. ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപിക്കാരുടെ ഇപ്പോഴത്തെ സമരമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ