കേരളം

അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സമയം വേണം; ദേവസ്വം ബോര്‍ഡ്  'സാവകാശഹര്‍ജി' സമര്‍പ്പിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുളള വിധി നടപ്പാക്കുന്നതിന് സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചു.  ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ദേവസ്വം ബോര്‍ഡ് സുപ്രിംകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ ചന്ദ്രര്‍ ഉദയ സിങാണ് ബോര്‍ഡിനായി ഹാജരാകുക.

കൂടുതല്‍ അളവില്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളുന്നതിന് ശബരിമലയിലെ നിലവിലെ അവസ്ഥയില്‍ സാധിക്കില്ലെന്നും അടിസ്ഥാന സൗകര്യങ്ങളടക്കം തയ്യാറാക്കേണ്ടതുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ അറിയിക്കും. ദേവസ്വം ബോര്‍ഡിന്റെ ഹര്‍ജി കോടതി പരിഗണിക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അഭിപ്രായം തേടിയിട്ടാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. 

അതേസമയം ശബരിമല യുവതി പ്രവേശനവിഷയം ജനുവരി 22 ന് മുമ്പ് പരിഗണിക്കില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അയ്യപ്പ ഭക്തന്മാരുടെ ദേശീയ കൂട്ടായ്മയുടെ അഭിഭാഷകനായ അഡ്വ. മാത്യു നെടുമ്പാറയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ മുമ്പാകെ മെന്‍ഷന്‍ ചെയ്തത്. ശബരിമലയിലെ സംഘര്‍ഷങ്ങളും, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്യണമെന്ന് മാത്യു നെടുമ്പാറ ആവശ്യപ്പെട്ടു. 

നട തുറന്നതിനാല്‍ യുവതി പ്രവേശന വിധിക്ക് സ്‌റ്റേ അനുവദിക്കുന്ന കാര്യം മാത്രം ഉടന്‍ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യവും ചീഫ് ജസ്റ്റിസ് തള്ളി. കേസ് ജനുവരി 22 ന് മാത്രമേ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്