കേരളം

നടപ്പന്തലില്‍ കിടന്നുറങ്ങിയവരെ വിളിച്ചുണര്‍ത്തിയോ?; ശബരിമലയില്‍ സംഭവിക്കുന്നത് അത്യന്തം ദുഃഖകരമായ കാര്യങ്ങളെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. 
ശബരിമല നടപ്പന്തലില്‍ കിടന്നുറങ്ങിയവരെ വിളിച്ചുണര്‍ത്തിയോ എന്ന് കോടതി ചോദിച്ചു. അങ്ങനെ ചെയ്തുവെങ്കില്‍ അത് മൗലികവകാശ ലംഘനമാണ് എന്ന് കോടതി നിരീക്ഷിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ നടപ്പാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം തുടരുന്നതിനിടയിലാണ് കോടതിയുടെ വിമര്‍ശനം. 

ശബരിമലയില്‍ സംഭവിക്കുന്നത് അത്യന്തം ദുഃഖകരമായ കാര്യങ്ങളാണ്. നിരോധനാജ്ഞ അതിന്റെ യഥാര്‍ത്ഥ ഉദേശത്തിലാണോ നടപ്പാക്കുന്നത്  എന്നും ദേവസ്വം ബഞ്ച് ചോദിച്ചു.നിരോധനാജ്ഞയുടെ ഫലമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നിയമപരമാണോ എന്നും കോടതി ചോദിച്ചു. ശബരിമലയില്‍ നിരോധനാജ്ഞ  പ്രഖ്യാപിച്ച സാഹചര്യത്തെ കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ വിശദീകരിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. 

ശബരിമലയില്‍ നിന്ന് അന്യസംസ്ഥാനക്കാര്‍ മടങ്ങിപ്പോയോയെന്ന് ഹൈക്കോടതി ചോദിച്ചു. മുംബൈയില്‍ നിന്ന് വന്ന വിശ്വാസികള്‍ മടങ്ങിപ്പോയത് എന്തുകൊണ്ടാണ്. ചില പൊലീസുകാര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. 

ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തെ കുറിച്ച് ഐജി വിജയ് സാഖറേ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
മണ്ഡലക്കാലത്ത് ശബരിമലയില്‍ സംഘര്‍ഷസാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉളളതായി  റിപ്പോര്‍ട്ടില്‍ പറയുന്നു. 
ചിത്തിര ആട്ടപൂജ, തുലാംമാസ പൂജ എന്നിവയ്ക്കായി നടതുറന്നപ്പോള്‍ ശബരിമലയില്‍ സംഘര്‍ഷമുണ്ടായ കാര്യങ്ങളും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നേരത്തെ ശബരിമലയില്‍ നിരോധനാജ്ഞ എങ്ങനെ നടപ്പാക്കുമെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഭക്തരെയും പ്രതിഷേധക്കാരേയും എങ്ങനെ തിരിച്ചറിയും. ഇത് ആര്‍ക്കൊക്കേ ബാധകമാണെന്നും ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് ചോദിച്ചു. 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര ഹിന്ദുപരിഷത്താണ് കോടതിയെ സമീപിച്ചത്. ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഭരണഘടനയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതിന് പുറമേ ശബരിമലയിലെ സമയക്കുറവ് സംബന്ധിച്ച് ഇടക്കാല അപേക്ഷയും ഹര്‍ജിക്കാര്‍ കോടതിയില്‍ നല്‍കിയിരുന്നു.

നേരത്തെ സന്നിധാനത്ത് 48 മണിക്കൂര്‍ വരെ തങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ദര്‍ശനം നടത്തി ഉടന്‍ തിരിച്ചുപോകണമെന്നാണ് പൊലീസ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക നോട്ടീസും പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ ഇടക്കാല അപേക്ഷ നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ