കേരളം

'കിത്താബ്' 'വാങ്കിനെ' വികൃതമാക്കിയ നാടകം: ഉണ്ണി ആര്‍

വിഷ്ണു എസ് വിജയന്‍

കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാംസമ്മാനം നേടിയ നാടകം 'കിത്താബി'നെക്കുറിച്ചുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ഉണ്ണി ആര്‍. ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ഒരുവിഭാഗം ആരോപിക്കുന്ന നാടകം ഉണ്ണി ആറിന്റെ കഥ 'വാങ്കിനെ' ആസ്പദമാക്കി ചെയ്തതാണെന്ന അണിയറ പ്രവര്‍ത്തകരുടെ വാദത്തിന് മറുപടിയുമായാണ് എഴുത്തുകാരന്‍ രംഗത്ത് വന്നിരിക്കുന്നത്. നാടകത്തിന് സമകാലിക മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച തന്റെ കഥയുമായി ബന്ധമില്ലെന്നും തന്റെ അറിവില്ലാതെയാണ് 'വാങ്ക്' ആസ്പദമാക്കി നാടകം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

വാങ്ക് എന്ന എന്റെ കഥയെ ആസ്പമദമാക്കിയാണ് നാടകം ചെയ്തതിരിക്കുന്നത് എന്നാണ് അവര്‍ പറയുന്നത്. എന്റെ കഥ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയവുമായും അത് സംവദിക്കുന്ന കാര്യങ്ങളുമായും ഒന്നും ബന്ധമില്ലാതെ ഇസ്‌ലാമിനെ ഒരു പ്രാകൃതമതമായി ചിത്രീകരിക്കുന്ന തരത്തിലാണ് നാടകം വന്നിരിക്കുന്നത് എന്നാണ് ഞാനറിഞ്ഞത്. ഇസ്‌ലാം മതത്തിന് എതിരെ നില്‍ക്കുന്ന ഒരു പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്‌ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട എനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ല, ഞാനത് തള്ളിക്കളയുന്നു-അദ്ദേഹം സമകാലിക മലയാളത്തോട് വ്യക്തമാക്കി. 

മറ്റൊന്ന് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ എന്റെ അനുവാദമില്ലാതെയാണ് നാടകം ചെയ്തിരിക്കുന്നത്. ഒരുകാരണവശാലും സംസ്ഥാന കലോത്സവത്തില്‍ എന്റെ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുത് എന്ന് ഞാന്‍ ഡിപിഐയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

ഞാന്‍ ഇസ്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുന്നുണ്ട്. നാടകത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന മതമൗലികവാദികളുടെ പ്രതിഷേധത്തോട് യോജിപ്പില്ല. കാരണം അവര്‍ ഇസ്‌ലാം മതത്തിന്റെ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരാണ്. ലോകമെമ്പാടുമുള്ള ഒരു ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയമുണ്ട്, ആ രാഷ്ട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുത്. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല, നാടകം പറയുന്നത്. എന്റെ കഥയെ ആര്‍ക്കും എടുത്ത് എന്തും ചെയ്യാം എന്നത് സമ്മതിച്ചുകൊടുക്കില്ല-അദ്ദേഹം പറഞ്ഞു. 

മുസ്‌ലിം പള്ളിയില്‍ വാങ്ക് വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് ഒന്നാം സമ്മാനം നേടിയ നാടകത്തിന്റെ ഇതിവൃത്തം. വാങ്ക് വിളിക്കാന്‍ മുക്രിയുടെ മകള്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതിനെതിരെ തീവ്ര ഇസ്‌ലാം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലമാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇസ്‌ലാം വിരുദ്ധമായി നാടകത്തില്‍ ഒന്നുമില്ലെന്നും ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്