കേരളം

ശബരിമലയില്‍ ആയിരക്കണക്കിനു പൊലീസുകാര്‍; പിറവത്ത് 200 പേര്‍ക്കു സംരക്ഷണം നല്‍കാനാവാത്തതെന്ത്? രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിറവം പള്ളി കേസില്‍ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന് ഇടപെടാത്തതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശബരിമലയില്‍ കോടതി വിധി നടപ്പാക്കാന്‍ ആയിരക്കണക്കിനു പൊലീസിനെ വിന്യസിക്കുന്ന സര്‍ക്കാരിന് പിറവത്ത് ഇരുന്നൂറു പേര്‍ക്ക് സംരക്ഷണം നല്‍കാനാവുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പിറവം പള്ളി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടലില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിമര്‍ശനം.

സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് കോടതി കുറ്റപ്പെടുത്തി. വിധി നടപ്പാക്കാന്‍ വന്‍ പൊലീസ് സന്നാഹത്തെയാണ് ശബരിമലയില്‍ വിന്യസിച്ചിരിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാരെ വിന്യസിച്ച സര്‍ക്കാരിന് പിറവത്ത് ഇരുന്നൂറ് ഓര്‍ത്തഡോക്‌സുകാര്‍ക്ക് പള്ളിയില്‍ ആരാധന നടത്തുന്നതിന് സംരക്ഷണം നല്‍കാനാവുന്നില്ല- കോടതി പറഞ്ഞു.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പിറവത്ത് ഇരു ഭാഗക്കാരുമായും ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതു സാധാരണക്കാര്‍ക്കു മനസിലാവുന്ന ന്യായമല്ല. ശബരിമലയില്‍ എന്തുകൊണ്ട് ചര്‍ച്ചകള്‍ നടത്തുന്നില്ലെന്ന് കോടതി ചോദിച്ചു. 

പിറവം പള്ളിയില്‍ മലങ്കര സഭയിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി സുപ്രിം കോടതി വിധി പറഞ്ഞിരുന്നു. എന്നാല്‍ യാക്കോബായ പക്ഷത്തിനു ഭൂരിപക്ഷമുള്ള പള്ളിയില്‍ വിധി നടപ്പാക്കാനായിട്ടില്ല. ക്രമസമാധാന പ്ര്ശ്‌നമുള്ളതിനാല്‍ വിധി നടപ്പാക്കുന്നതിന് ആര്‍ഡിഒയുടെ മധ്യസ്ഥയില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഇതിനിടെ വിധി നടപ്പായിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് പക്ഷം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ കക്ഷികളാക്കി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രിം കോടതി അംഗീകരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം