കേരളം

ശബരിമലയില്‍ കാണിക്ക ഇടരുതെന്ന പ്രചാരണം സ്വകാര്യ ക്ഷേത്രങ്ങളെ പ്രമോട്ട് ചെയ്യാന്‍ ; കാണിക്കയിടാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കേണ്ടെന്ന് പദ്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്


നിലക്കല്‍ : ശബരിമലയില്‍ കാണിക്കയിടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കേണ്ടെന്ന് ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയില്‍ കാണിക്ക ഇടരുത് എന്ന പ്രചാരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ട്. സ്വകാര്യക്ഷേത്രങ്ങളെ പ്രമോട്ട് ചെയ്യുക എന്ന ഗൂഡനീക്കമാണ് നടക്കുന്നതെന്നും പദ്മകുമാര്‍ പറഞ്ഞു. 

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1258 ക്ഷേത്രങ്ങളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് സ്വന്തം നിലയ്ക്ക് മുന്നോട്ടുപോകാന്‍ ശേഷിയുള്ളത്. ബാക്കി ക്ഷേത്രങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റെ സഹായത്താലാണ് നിത്യപൂജകള്‍ അടക്കം ചെയ്യുന്നത്. ഇവയെ തകര്‍ക്കുക കൂടിയാണ് ഇത്തരം പ്രചരണം നടത്തുന്നവര്‍ ചെയ്യുന്നത്. 

ഇതുമാത്രമല്ല, ദേവസ്വം ബോര്‍ഡിനെ ആശ്രയിച്ച് 13,000 ജീവനക്കാരും പെന്‍ഷന്‍കാരും കഴിയുന്നുണ്ട്. ഇവരുടെ കുടുംബത്തെയും ഇവര്‍ തകര്‍ക്കുകയാണ്. ഇത്തരം നടപടി അനുവദിക്കാനാകില്ല. ക്ഷേത്രത്തില്‍ പണം ഇടാതെ ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാമെന്ന് ആരും വിചാരിക്കേണ്ട. പ്രളയം വന്ന് പമ്പയില്‍ ആകെ തകര്‍ന്നപ്പോള്‍, ആചാരസംരക്ഷണത്തെപ്പറ്റി പറയുന്ന ആരെയും കണ്ടില്ലല്ലോ എന്നും പദ്മകുമാര്‍ ചോദിച്ചു. 

പന്തളത്ത് ശബരിമലയിലെ പ്രസാദം വിതരണം ചെയ്യുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇന്നലെ ഇക്കാര്യം ചര്‍ച്ച ചെയ്തു. സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പ്രസാദ വിതരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് പന്തളം കൊട്ടാര പ്രതിനിധികളായ ശശികുമാര വര്‍മ്മയും നാരായണ വര്‍മ്മയും അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും. 

പുര കത്തുമ്പോള്‍ വാഴ വെട്ടുനന്ത് എന്തിനാണ് ?. സമ്പത്ത് സ്വരൂപണത്തിനാണ് ഇതെല്ലാം എന്ന് മനസ്സിലാക്കണം. എല്ലാ കാര്യത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഭൂമിയോളം താഴുകയാണ് താന്‍ ചെയ്തിട്ടുള്ളത്. ഭൂമിയോളം താഴുന്നവര്‍ക്ക് ആകാശം മുട്ടെ ഉയരാനും കഴിമെന്ന് ഓര്‍ക്കണം. 

ദേവസ്വം ബോര്‍ഡിലെ പുതിയ അംഗം ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് സന്നിധാനത്ത് വെച്ച് നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റ കണ്‍സള്‍ട്ടന്‍സി പണം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. 24 കോടി വേണ്ടെന്നാണ് അറിയിച്ചത്. അടുത്ത തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും പമ്പയിലും യാതൊരു അസൗകര്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകില്ല. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ വലിയ ഇളവ് വരുത്തിയിട്ടുണ്ടെന്നും പദ്മകുമാര്‍ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി, ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

കാലഭൈരവനെ തൊഴുതു, വാരാണസിയില്‍ മൂന്നാമൂഴം തേടി നരേന്ദ്രമോദി; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

വേനല്‍മഴ കടുക്കുന്നു, ഇന്ന് രണ്ടു ജില്ലകളില്‍ അതിശക്തമായ മഴ; ഓറഞ്ച് അലര്‍ട്ട്, എട്ടു ജില്ലകളില്‍ കൂടി മുന്നറിയിപ്പ്

സിദ്ധാര്‍ഥന്റെ മരണം; പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അമ്മക്ക് അനുവാദം നല്‍കി ഹൈക്കോടതി

അഭിഭാഷകര്‍ ഉപഭോക്തൃ നിയമത്തിനു കീഴില്‍ വരില്ല, സേവനത്തിലെ കുറവിനു കേസെടുക്കാനാവില്ലെന്നു സുപ്രീംകോടതി