കേരളം

ശബരിമല പ്രതിഷേധം രാജ്യ തലസ്ഥാനത്തേക്കും; മന്ത്രി ഇപി ജയരാജനെ വഴിയില്‍ തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തും സമരം ശക്തമാകുന്നു. ഡല്‍ഹിയില്‍ നടന്ന നാമജപയാത്രയ്ക്കിടെ നേരിയ സംഘര്‍ഷം. അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ കേരള ഹൗസിന് മുന്നിലെത്തിയ പ്രതിഷേധക്കാര്‍ മന്ത്രി ഇ.പി ജയരാജന്റെ വാഹനം തടഞ്ഞു. അയ്യപ്പസേവാ സമാജം പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്.പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രതിഷേധക്കാരെ മന്ത്രിയുടെ കാറിന് മുന്നില്‍നിന്ന് നീക്കിയത്. ഇപി ജയരാജനൊപ്പം വാഹനത്തില്‍ സിപിഎം കേന്ദ്രകമ്മറ്റി അംഗങ്ങളായ കെ രാധാകൃഷ്ണനും എ വിജയരാഘവനും ഉണ്ടായിരുന്നു

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രാജ്യതലസ്ഥാനത്തുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ നിവേദനം നല്‍കാന്‍ കേരള ഹൗസിനകത്തേക്ക് കടക്കാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായാവത്തതോടെയാണ് നേരിയ സംഘര്‍ഷം ഉണ്ടായത്.

സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുത്തശേഷം കേരള ഹൗസിലെത്തിയ മന്ത്രി ഇ.പി ജയരാജന്റെ കാറാണ് ഇതിനിടെ തടഞ്ഞത്. പ്രതിഷേധക്കാര്‍ കാറില്‍ അടിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഇവരെ നീക്കാന്‍ പോലീസ് ഇടപെട്ടതോടെയാണ് നേരിയ സംഘര്‍ഷാവസ്ഥയുണ്ടായത്. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിനുശേഷം മന്ത്രിമാര്‍ അടക്കമുള്ള കൂടുതല്‍ നേതാക്കള്‍ കേരള ഹൗസിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിവേദനം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്.

സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പലയിടത്തും വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. കോട്ടയത്തും തൃപ്പൂണിത്തുറയിലും നടന്ന നാമജപഘോഷയാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. കോഴിക്കോട് ഹിന്ദുസംഘടനകളുടെ ആഭിമുഖ്യത്തില്‍ ദേശീയ പാത ഉപരോധിച്ചു.

കോട്ടയത്ത് അയ്യപ്പ ഭക്ത മഹാസംഗമം സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. തിരുന്നക്കര ക്ഷേത്രമൈതാനത്തു നിന്ന് ആരംഭിച്ച നാമജപ യാത്ര സ്ത്രീകള്‍ നയിച്ചു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരകണക്കിന് സ്ത്രീകളാണ് സംഗമത്തില്‍ പങ്കെടുത്തത്. എരുമേലിയില്‍ നിന്നും പേട്ട കൊച്ചമ്പലത്തിലേക്ക് നടന്ന നാമജപ യാത്രയിലും സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. തൃപ്പൂണിത്തുറയിലെ വിവിധ ക്ഷേത്രങ്ങളില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്രസന്നിധിയിലേക്കാണ് നാമജപ ഘോഷയാത്ര സംഘടിപ്പിച്ചത്. വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും കോണ്‍ഗ്രസ് നേതാവ് കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ