കേരളം

ന്യൂനമർദം അതിതീവ്ര ന്യൂനമർദമാകുന്നു, ഇന്നും നാളെയും ശക്തമായ മഴ, ചുഴലിക്കാറ്റിനും സാധ്യത, ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായ സാഹചര്യത്തിലാണ് ജാ​ഗ്രതാ നിർദേശം. ന്യൂനമർദ്ദം ശക്തിപ്പെട്ട് ഒമാൻ തീരത്തേക്ക് നീങ്ങുമെങ്കിലും ഇതിന്റെ സ്വാധീനം മൂലം ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയതായി ഇന്നലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഉള്ളത്.   തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. 

കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 70 കിലോമീറ്ററിന് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുമ്പോള്‍ തന്നെ, ആന്‍ഡമാന്‍ തീരത്തും മറ്റൊരു ന്യൂനമര്‍ദ്ദം രൂപം കൊണ്ടത് ആശങ്ക സൃഷ്ടിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്രന്യൂനമര്‍ദ്ദമായി മാറി ഒഡീഷ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ തീരത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സെൽ പ്രവർത്തനം തുടങ്ങി. മുൻകരുതൽ നടപടിയുടെ ഭാഗമായി കെഎസ്ഇബി 13 ഡാമുകളുടെ ഷട്ടറുകൾ തുറന്നു. ഇന്നത്തെ കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ചായിരിക്കും ഷട്ടർ അടയ്ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെഎസ്ഇബി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്