കേരളം

കോൺഗ്രസ്സുകാർ കൊടി ഉപേക്ഷിച്ച് ബിജെപിക്കൊപ്പം സമരത്തിൽ- മന്ത്രി എംഎം മണി

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും ബിജെപി ജ്വരം ബാധിച്ചെന്നും ബിജെപിയുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കിയിരിക്കുകയാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ആരോപിച്ചു. 

കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും തെരഞ്ഞെടുപ്പിന് മുൻപ് പാര്‍ട്ടിയിലെത്തുമെന്ന് ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ടെന്നും മണി ഓര്‍മിപ്പിക്കുന്നു.

ബിജെപിയുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെ പോലെയാണ് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും. ബിജെപിയുടെ നേതൃത്വത്തിൽ മറ്റ് വർഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ കൊടി ഉപേക്ഷിച്ച് പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുകയാണെന്നും എം.എം. മണി ആരോപിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
 
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി. എന്നത് ഒരു വസ്തുതയായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖരായ പല കോൺഗ്രസ് നേതാക്കളും പാർലമെന്റ് ഇലക്ഷനു മുൻപ് ബി.ജെ.പി.യിലെത്തും എന്ന് ബി.ജെ.പി. പ്രസിഡന്റ് ശ്രീധരൻ പിള്ള അടിക്കടി പറയുന്നത് ഈ അവസരത്തിൽ ഗൗരവമായി കണക്കിലെടുക്കേണ്ടതുണ്ട്. ബി.ജെ.പി. യുടെ വർഗ്ഗീയ ഫാസിസത്തിനെ എതിർക്കുമെന്ന് കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയുന്നുണ്ടെങ്കിലും, കേരളത്തിൽ ചില കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ബി.ജെ.പി.യുടെ ആശയം നടപ്പിലാക്കാൻ നിയോഗിച്ചവരെപ്പോലെയാണ്. ആർ.എസ്.എസ്സുകാർ കൊടുത്ത ഹർജിയിലാണ് ശബരിമലയിൽ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധി ഉണ്ടായതെന്ന കാര്യവും, ഈ വിധി നടപ്പിലാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ് എന്ന സത്യവും സൗകര്യപൂർവ്വം മറച്ചുവച്ച് ഒരു വിഭാഗം ജനങ്ങളെ കബളിപ്പിക്കുകയാണ് ബി.ജെ.പി. നേതൃത്വം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 

'ശരണ മന്ത്രം ചൊല്ലിയുള്ള സമരം' എന്നാണ് ബി.ജെ.പി. നേതാക്കൾ പറയുന്നതെങ്കിലും, വളരെ പ്രതിഷേധാർഹവും, കേരള ജനത ലജ്ജിച്ചുപോയതുമായ രീതിയിൽ ബഹുമാന്യനായ മുഖ്യമന്തിയെത്തന്നെ ജാതിപ്പേര് ചേർത്ത് തെറിവിളിക്കുന്ന ദൃശ്യങ്ങൾ വരെ നമ്മൾ കണ്ടതാണല്ലോ. ഇതിൽനിന്നു തന്നെ ഈ സമരത്തിൽക്കൂടി അവർ ഉദ്ദേശിക്കുന്നതെന്തെന്നും, ഈ സമരം ആർക്കു വേണ്ടിയാണ് എന്നതും മനസ്സിലാക്കാവുന്നതാണ്. ഈ അവസരത്തിലാണ് ഇത്തരം സമരങ്ങളിൽ കോൺഗ്രസ്സുകാർക്ക് അവരുടെ കൊടി ഉപേക്ഷിച്ച്, ബി.ജെ.പി. യുടെ നേതൃത്വത്തിൽ മറ്റ് വർഗ്ഗീയ കക്ഷികളുമായി ചേർന്ന് നടത്തുന്ന സമര പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വം അനുവാദം കൊടുത്തിരിക്കുന്നത്. അതായത് ബി.ജെ.പി.യുടെ കൊടിക്കീഴിൽ അണിനിരക്കാനുള്ള മൗനാനുവാദം. 'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും' എന്ന ചൊല്ലു പോലെ ബി.ജെ.പി. ജ്വരം ബാധിച്ച ചെന്നിത്തലയും, സുധാകരനും മററും വളരെനാളായി ആഗ്രഹിച്ചിരുന്നതും ഇത് തന്നെയാണ്. കോൺ‍ഗ്രസ്സുകാരെയെല്ലാം ഇങ്ങനെ അഴിച്ചുവിട്ടാൽ കോൺഗ്രസ്സ് പാർട്ടിയിൽത്തന്നെ തിരിച്ചെത്തുമെന്നതിൽ ഉറപ്പില്ല. ഇത് ഇവിടുത്തെ കോൺഗ്രസ് നേതൃത്വത്തിന് നന്നായി അറിയാമായിരുന്നിട്ടും സ്വന്തം പാർട്ടിയുടെ ശവക്കുഴി തോണ്ടുന്ന ഒരു നിലപാട് എടുത്തതിന്റെ രഹസ്യം എന്താണെന്നറിയാൻ പാഴൂർപ്പടി വരെ പോകേണ്ടതില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ