കേരളം

മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം; ഹര്‍ജി ഹൈക്കോടതി തള്ളി; വിലക്കിന് തെളിവ് എവിടെയെന്ന് കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അഖിലഭാരത് ഹിന്ദു മഹാസഭയുടെ അധ്യക്ഷന്‍ ദത്താത്രേയ സായ് സ്വരൂപ് നാഥാണ് കോടതിയെ സമീപിച്ചത്.

പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളെയും മുസ്ലീം പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ല എന്നതിന് തെളിവു ഹാജരാക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. 

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുസ്ലീം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി അഖിലഭാരത് ഹിന്ദു മഹാസഭ രംഗത്തെത്തിയത്.

അതിനിടെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരോഗമന മുസ്‌ലിം സംഘടനകള്‍ നിയമപോരാട്ടത്തിനൊരുങ്ങുകയാണ്. മുസ്‌ലിം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഏതാനും സംഘടനകള്‍. 

പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തെത്തിയിട്ടുണ്ട്. നിലവില്‍ ജമാഅത്തെ ഇസ്‌ലാമി, മുജാദിഹ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ കെ, എ പി സുന്നികള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്