കേരളം

ശബരിമലയിലെയും ദേവസ്വം ബോര്‍ഡിലെയും പണം സര്‍ക്കാര്‍ എടുക്കുന്നില്ല; വ്യാജ പ്രചരണം സമാധാന അന്തരീക്ഷം തകര്‍ക്കാനെന്നും  കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളുടെ വരുമാനത്തില്‍ കൈയിട്ട് വാരുകയാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരുപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതമായ ശ്രമങ്ങളാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ശബരിമലയുള്‍പ്പടെ ദേവസ്വം ബോര്‍ഡിന്റെ  വരവ് 683 കോടി രൂപയാണ്. ക്ഷേത്രച്ചിലവുകളും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പടെയുള്ള ചിലവ് 678 കോടി രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1249 ക്ഷേത്രങ്ങളില്‍ ചിലവിനെക്കാള്‍ വരുമാനമുള്ളത് 61 ക്ഷേത്രങ്ങളില്‍ മാത്രമാണ്.

1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങളിലെ വരുമാനവും സര്‍ക്കാര്‍ സഹായവും ഉപയോഗിച്ചാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം  ശബരിമലയില്‍ നിന്ന് കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ എന്നീ ഇനങ്ങളിലെല്ലാമായി ലഭിച്ചത് 342 കോടി രൂപയാണ്. ഇതില്‍ 73 കോടി രൂപ ശബരിമലയിലെ ചെലവുകള്‍ക്കായി വിനിയോഗിച്ചു. പ്രതിവര്‍ഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടി വരുന്നത് 354 കോടി രൂപയാണ്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിവരുന്നത് 133 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകള്‍ക്കായി 70 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ദേവസ്വം വകുപ്പ് മാത്രം നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണെന്നും മന്ത്രി കണക്കുകള്‍ സഹിതം വെളിപ്പെടുത്തി. 

 ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നുവെന്ന തരത്തിലുള്ള  വ്യാജപ്രചരണങ്ങള്‍ ശക്തമായതോടെയാണ് വരവ് ചിലവ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്