കേരളം

നാട് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തി ഗള്‍ഫില്‍ വീണവായിച്ചു നടക്കുന്നു; മുഖ്യമന്ത്രിക്ക് എതിരെ വിമര്‍ശനവുമായി മുല്ലപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവര്‍ത്തി ഗള്‍ഫ് നാടുകളില്‍ വീണവായിച്ചു നടക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ കുടുംബസമേതം വിനോദസഞ്ചാരത്തിനെന്ന പോലെ ഗള്‍ഫില്‍ പോയിരിക്കുകയാണു മുഖ്യമന്ത്രി. പൊലീസിന്റെ വേഷവിധാനം നല്‍കി യുവതികളെ ശബരിമലയിലേക്ക് എഴുന്നള്ളിച്ചുകൊണ്ടുപോയതിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. 

കലാപത്തിനു പോകുന്നവരെപ്പോലെയുള്ള സന്നാഹങ്ങളോടെയാണു പൊലീസ് സംഘം പോയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം നേതൃത്വം, ഡിജിപി, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റത്തിനു കേസെടുക്കണം.

സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തണം. സാമുദായിക ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യം സിപിഎമ്മിനും ശബരിമലയെ മറ്റൊരു അയോധ്യയാക്കണമെന്ന ലക്ഷ്യം ബിജെപിക്കുമുണ്ട്. ശബരിമലയില്‍ സമാധാനം സ്ഥാപിക്കാനുള്ള പ്രശ്‌നപരിഹാര ശ്രമങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. അതിനു സര്‍ക്കാര്‍ തയാറാകണം. 

ശബരിമലയില്‍ പോകാന്‍ ശ്രമിച്ച യുവതികള്‍ യഥാര്‍ഥ വിശ്വാസികളായിരുന്നോ? അവരുടെ പശ്ചാത്തലം സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ? ചിരിച്ചുകൊണ്ടു കൈവീശി വിനോദസഞ്ചാരികളെപ്പോലെയാണോ ഏതെങ്കിലും ഭക്തര്‍ ശബരിമലയില്‍ പോവുക?

ശബരിമലയില്‍ പ്രതിഷേധിക്കുന്നവരുടെ കൂട്ടത്തില്‍, കരുതിക്കൂട്ടി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുണ്ട്. ഈശ്വരവിശ്വാസികളായ ഭക്തര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കരുക്കളാകരുത്. കോണ്‍ഗ്രസിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. അന്ത്യം വരെ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ശബരിമല വിഷയത്തില്‍ മന്ത്രിസഭയിലും പാര്‍ട്ടിയിലും ഭിന്നാഭിപ്രായമുണ്ടെന്നും സിപിഎം ഒരു പൊട്ടിത്തെറിയുടെ വക്കിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ