കേരളം

ശബരിമലയിലെ പൊലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ; ആരാധനാ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ലെന്നും മുഖ്യമന്ത്രി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രപ്രവേശനത്തിന് കര്‍ശന സുരക്ഷ ഒരുക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതനുസരിച്ചാണ് ദര്‍ശനത്തിന് എത്തുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും പൊലീസ് ഒരുക്കുന്നത്. 

ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നുള്ള ആവശ്യമാണ് കേന്ദ്ര സര്‍ക്കാര്‍ കത്ത് മുഖേന സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. സംഘര്‍ഷം ഒഴിവാക്കാനും ക്രമസമാധാനം സംരക്ഷിക്കാനും ആവശ്യമാണെങ്കില്‍ യുക്തമായ നിരോധന ഉത്തരവുകള്‍ പുറപ്പെടുവിക്കാനും സാമൂഹ്യമാധ്യമങ്ങളെ നിയന്ത്രിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന നിര്‍ദ്ദേശവും കത്തിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിച്ചേരുന്ന എല്ലാവര്‍ക്കും ആവശ്യമായ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്ന പോലീസ് നടപടിക്ക് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാണ്.

ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി വിധി അനുസരിച്ച് ദര്‍ശനത്തിന് എത്തുന്ന ചിലരെ ഒരുകൂട്ടം ആളുകള്‍ തടയുകയും നിയമം കൈയ്യിലെടുക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം ഘട്ടങ്ങളില്‍ അതിനെ മറികടന്ന് സ്ത്രീകളെ ക്ഷേത്രദര്‍ശനം സാധ്യമാക്കുന്നതിനും ശബരിമലയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തനമാണ് പോലീസ് ചെയ്യുന്നത്.

അയ്യപ്പദര്‍ശനത്തിന് എത്തിച്ചേരുന്നവര്‍ക്ക് അതിനുള്ള സൗകര്യം ലഭിക്കേണ്ടത് അവരുടെ അവകാശം എന്ന നിലയിലാണ് കാണേണ്ടത്. അതുകൊണ്ട് സന്നിധാനത്തില്‍ എത്തിച്ചേരുന്നതിനും അയ്യപ്പദര്‍ശനം നടത്തുന്നതിനും ഭക്തരായ ആര്‍ക്കും അവകാശമുണ്ട്. ഈ അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്ഷേത്രദര്‍ശനത്തിന് വരുന്നവര്‍ക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ക്ഷേത്രമടച്ചിടലും പുതിയ വിഭാഗങ്ങളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങള്‍ കേരളത്തില്‍ മുമ്പുണ്ടായിട്ടുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹ സമയത്ത് ഗുരുവായൂര്‍ ക്ഷേത്രം അടച്ചിട്ടിരുന്നു. കടുത്ത ജനകീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അത് തുറക്കേണ്ടിയും വന്നു. 1936 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാരും 1938 ല്‍ മദിരാശി സര്‍ക്കാരും എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി. എന്നാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 1947 വരെ അവര്‍ണ്ണര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അവസാനം നീണ്ട 9 വര്‍ഷക്കാലം നടന്ന ജനകീയ ഇടപെടലുകളിലൂടെ മദിരാശി സര്‍ക്കാര്‍ നിയമം നിര്‍മിച്ചാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള പ്രവേശനം സാധ്യമാക്കിയത്. ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റുന്ന ഒന്നല്ല എന്ന ചരിത്രമാണ് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ ദര്‍ശനം നടത്താന്‍ ആദ്യകാലം മുതല്‍ സ്വാതന്ത്ര്യമുള്ള ക്ഷേത്രമാണ് ശബരിമല. വാവരെയും ധര്‍മ്മ ശാസ്താവിനെയും ആരാധിക്കാന്‍ സൗകര്യമുള്ള ഇടം കൂടിയാണ് ഇത്. ജാതിമത ഭേദമന്യേ പ്രവേശനം അനുവദിച്ചിടത്ത് മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കോടതി വിധിയുടെ ഭാഗമായി ഇപ്പോള്‍ വന്നിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നവരെ സഹായിക്കുകയും കുഴപ്പമുണ്ടാക്കുന്നവരെ തടഞ്ഞും ക്ഷേത്രത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കാനാണ് ഏത് വിശ്വാസിയും ആഗ്രഹിക്കുക.

വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ ഏറെ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെ ശബരിമലയെ കലാപഭൂമിയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളെ ഒരു കാരണവശാലും സര്‍ക്കാരിന് അംഗീകരിക്കാനാവില്ല. അതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും അയ്യപ്പദര്‍ശനം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ പരിശ്രമിക്കും. ഇക്കാര്യത്തില്‍ കോടതിവിധി വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാതെ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ നടപടി വീണ്ടും സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി