കേരളം

ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന വാഹനവുമായി കടന്നു; ഒഎല്‍എക്‌സ് വഴി ന്യൂജന്‍ മോഷണം; യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മൂവാറ്റുപുഴ: ഓണ്‍ലൈന്‍ വിപണിയായ ഒ.എല്‍.എക്‌സ്. വഴി  ന്യൂജന്‍ മോഷണം നടത്തിയ യുവാവ്  അറസ്റ്റില്‍. ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന ബൈക്ക് ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേനെ കവര്‍ച്ച ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് പൊന്‍മുടി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കഞ്ഞിക്കുഴി പഴയിരിക്കണ്ടം കടുക്കാക്കുന്നേല്‍ കെ.ബി. അനന്ദു(21)വിനെയാണു വാഴക്കുളം വാഴക്കുളം എസ്.ഐ: വി.യു. വിനുവും സംഘവും ചേര്‍ന്നു  പിടികൂടിയത്. 

വാഴക്കുളം പേടിക്കാട്ടുകുന്നേല്‍ ടോണി പയസിന്റെ ഡ്യൂക്ക് ബൈക്കാണ് കഴിഞ്ഞ  27ന് തട്ടിക്കൊണ്ടുപോയത്. ഇതു വില്‍ക്കാനായി ഉടമ  ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. പരസ്യം കണ്ട യുവാവ് വാങ്ങുന്നതിന് സന്നദ്ധത അറിയിച്ചു. ഇടുക്കിയില്‍ നിന്നു എത്തിയ പ്രതി, സമീപത്തെ കടയുടമയുടെ ഫോണ്‍ വാങ്ങി ടോണിയെ വിളിച്ച് ബൈക്ക് കാണണമെന്നു പറഞ്ഞു. തുടര്‍ന്നു സ്ഥലത്തെത്തി. വില പറഞ്ഞ് ഉറപ്പിച്ച ശേഷം ഓടിച്ചു നോക്കാനെന്ന വ്യാജേന ബൈക്കില്‍  സ്ഥലം വിടുകയായിരുന്നു. 

ഏറെ നേരം കഴിഞ്ഞിട്ടും യുവാവ് തിരിച്ചെത്താതിരുന്നതോടെ വിളിച്ചനമ്പറില്‍ ബന്ധപ്പെട്ടെങ്കിലും വാഴക്കുളത്തെ കടയുടമയാണ് ഫോണെടുത്തത്. അപരിചിതനായ യുവാവ് തന്റെ ഫോണ്‍ വാങ്ങി വിളിച്ചതാണെന്നു  അറിയിച്ചതോടെ ഉടമ  പോലീസില്‍ പരാതി നല്‍കി. എട്ടോളം സിമ്മുകള്‍ മാറി ഉപയോഗിച്ചിരുന്ന യുവാവ് ഇവയെല്ലാം നശിപ്പിച്ചിരുന്നു. ഒ.എല്‍.എക്‌സില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പരില്‍  പിന്തുടര്‍ന്നാണു  പ്രതിയെ പിടികൂടാനായത്. വ്യത്യസ്ത സിമ്മുകള്‍ ഉപയോഗിച്ചെങ്കിലും ഇവയെല്ലാം ഒരേ ആധാര്‍ കാര്‍ഡ് നല്‍കിയാണ് സ്വന്തമാക്കിയിരുന്നത്.  

പ്രതിയെ പിടികൂടുന്നതിന് വാഴക്കുളം ടൗണിലെ ആറോളം സിസി. ടിവി. ക്യാമറകള്‍ പരിശോധിച്ചിരുന്നു. ടവ്വല്‍ കൊണ്ട് ഭാഗികമായി മുഖംമറച്ച നിലയിലായിരുന്നു ദൃശ്യം.  എ.എസ്.ഐ. മാരായ രാജേഷ്, സുനില്‍, അസീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ്, അഷറഫ്, വര്‍ഗീസ് ടി. വേണാട് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.2017 ല്‍ മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം സിഗ്‌നല്‍ ജങ്ഷനടുത്തുള്ള ഫോര്‍മാസ് ഓട്ടോസില്‍നിന്നും സമാന രീതിയില്‍ ഇയാള്‍ ബൈക്ക് കവര്‍ന്നിരുന്നതായും പോലീസ് കണ്ടെത്തി. ഇരു ബൈക്കുകളും  പിടിച്ചെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്