കേരളം

ഹിഡന്‍ അജണ്ട മനസ്സിലായി; സംഘപരിവാര്‍ ഭീഷണി വകവയ്ക്കുന്നില്ല: കുടുംബ സമേതം ശബരിമലയ്ക്ക് പോകാന്‍ എബിവിപി നേതാവ് ശ്രീപാര്‍വ്വതി

സമകാലിക മലയാളം ഡെസ്ക്

ബരിമലയിലേക്ക്  കുടുബസമേതം പോകുമെന്ന് ആര്‍എസ്എസ് മുഖപ്രസിദ്ധീകരണം കേസരിയില്‍ അഭിപ്രായമെഴുതിയ എബിവിപി നേതാവ് ശ്രീപാര്‍വ്വതിക്ക് വധ ഭീഷണി. എബിവിപിയുടെ തിരുവനന്തപുരം നഗരപ്രമുഖായ ഇവര്‍ സംഘപരിവാറിന്റെ ഇപ്പോഴത്തെ നിലപാടിന് വിരുദ്ധമായ അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും കുടുംബസമേതം ശബരിമലയ്ക്ക് പോകുമെന്നും ശ്രീപാര്‍വ്വതിയുടെ മാതാവ് ബിന്ദു സമകാലിക മലയാളത്തോട് പറഞ്ഞു. 

സുപ്രീംകോടതി വിധിയില്‍ ഏറെ ആഹ്ലാദിക്കുന്നു. ഞങ്ങള്‍ എത്രയുംപെട്ടെന്ന് കുടുംബ സമേതം ശബരിമലയ്ക്ക് പോകും. ഞങ്ങളോടൊപ്പം കുടുംബ സുഹൃത്തുക്കളായ സ്ത്രീകളും ഉണ്ടാകും. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരില്‍ പല മേഖലകളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ആചാരങ്ങള്‍ക്കൊന്നും യുക്തിഭദ്രതയില്ല. കുറേ കാലമായുള്ള എന്റെ ആഗ്രഹമാണ് നിറവേറാന്‍ പോകുന്നത്-ഇതായിരുന്നു ശ്രീപാര്‍വ്വതി കേസരിയിലെഴുതിയ കുറിപ്പ്. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാക്കള്‍ ശ്രീപാര്‍വ്വതിയുടെ വീട്ടിലെത്തി നിലപാട് മാറ്റണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലപാട് തിരുത്താതിരുന്നതിനെ തുടര്‍ന്ന് ഭീഷണിയുമായി സംഘപരിവാര്‍ രംഗത്ത് വരികയായിരുന്നു. 

ശബരിമല സുപ്രീംകോടതി വിധി സംഘപരിവാറും എബിവിപിയും സ്വാഗതം ചെയ്തുവെന്നാണ് മകള്‍ എന്നോട് പറഞ്ഞത്. അതില്‍ ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. അതിന് ശേഷം സംഘപരിവാര്‍ നിലപാട് മാറ്റി. എന്നാല്‍ അവള്‍ അതിന് എതിരെ പ്രതികരിച്ചു. പ്രതികരിച്ചു കഴിഞ്ഞപ്പോള്‍ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് സംഘപരിവാര്‍ നേതാക്കള്‍ വീട്ടിലെത്തി. അവരോട് നിലപാടിലുറച്ചു തന്നെ അവള്‍ സംസാരിച്ചു. അവരുടെ ഹിഡന്‍ അജണ്ട അവള്‍ക്ക് മനസ്സിലായി. അതിനെതിരെയാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. 

വിധിയെ സ്വാഗതം ചെയ്യുന്നു. അനുകൂലമായ കോടതി വിധി ഉള്ളപ്പോള്‍ കുടുംബത്തോടെ പോയാല്‍ എന്താണ്? ഞങ്ങള്‍ക്ക് ഷോ കാണിക്കണം എന്ന താത്പര്യമില്ല. എന്തായാലും അതിവേഗത്തിലൊരു മാറ്റം വരും. അധികം വൈകാതെ തന്നെ ഞങ്ങള്‍ ശബരിമലയ്ക്ക് പോകും- ശ്രീപാര്‍വ്വതിയുടെ മാതാവ് സമകാലിക മലയാളത്തോട് പറഞ്ഞു. 

തിരുവനന്തപുരം കോഓപ്പറേഷന്‍ ട്രെയിനിങ് കോളജിലെ വിദ്യാര്‍ത്ഥിയാണ് ശ്രീപാര്‍വ്വതി.ശ്രീപാര്‍വ്വതിയെ കൂടാതെ തലസ്ഥാനത്തെ പ്രമുഖ ആര്‍എസ്എസ് നേതാവ് സുജിത്തിന്റെ മകള്‍ അഞ്ജന സുജിത്തും ശബരിമല വിധിയെ പിന്തുണച്ച് കേസരിയില്‍ അഭിപ്രായം പ്രകടിപ്പിച്ചു. 

എന്റെ വിശ്വാസമാണ് എന്റെ ഈശ്വരന്‍. എന്നെക്കൊണ്ട് കളങ്കപ്പെടുന്നവന്‍ എങ്ങനെ ഈശ്വരനാകും? ഈ വിധി ഒരു തുടക്കമാകണം. എല്ലാ തരത്തിലുമുള്ള സ്ത്രീ വിവേചനത്തിന് എതിരെയുള്ള തുടക്കം. ഇത് മറ്റ് മതങ്ങളിലേക്കും പടരണം. സ്ത്രീകളെ രണ്ടാംതരക്കാരായും അടിമകളായും കാണുന്ന ഈ മതങ്ങളില്‍ നിന്ന് അവര്‍ക്കും തുല്യത നേടിക്കൊടുക്കണം. ശബരിമലയില്‍ പോകാന്‍ തയ്യാറാകുന്ന യുവതികളെ തടയരുത്, പോകേണ്ടവര്‍ പോകട്ടെ-അഞ്ജന നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്