കേരളം

സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമം ; ഹീനമായ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ നടന്നത് വധശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമികള്‍ തീവെച്ച് നശിപ്പിച്ച ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്ന് സമയോചിതമായ ഫയര്‍ഫോഴ്‌സിന്റെയും മറ്റ് ഏജന്‍സികളുടെയും ഇടപെടലില്‍ ഒഴിവാക്കാന്‍ കഴിഞ്ഞു. വര്‍ഗീയ ശക്തികളുടെ തനിനിറം തുറന്നു കാണിച്ചിരുന്ന സ്വാമിയെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പുലര്‍ച്ചെ ആക്രമണം ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വര്‍ഗീയ ശക്തികള്‍ക്കെതിരെ അതിശക്തമായ നിലപാടെടുത്തിരുന്ന സ്വാമി സന്ദീപാനന്ദ ഗിരി സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. ആശ്രമത്തിനെതിരെ മുമ്പും ആക്രമണ നീക്കങ്ങള്‍ ഉണ്ടായിരുന്നു. സ്വാമിജിയെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. യഥാര്‍ത്ഥ സ്വാമിമാര്‍ ആരെയാണ് ഭയപ്പെടുന്നത്. കപട സന്യാസിമാരെയാണ് സ്വാധീനിക്കാനോ, ഭീഷണിപ്പെടുത്താനോ സാധിക്കുക. നവോത്ഥാന മൂല്യങ്ങള്‍ മുറുകെ പിടിച്ച് സ്വാമിജി മുന്നോട്ടു പോയി. ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന്റെ കരങ്ങളില്‍ ഏല്‍പ്പിക്കുന്നതില്‍ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
 

ആക്രമണത്തില്‍ ആശ്രമത്തിന് വലിയ കേടുപാടുണ്ടായി. ആശ്രമം നശിപ്പികലായിരുന്നില്ല, സ്വാമിജിയെ നശിപ്പിക്കലായിരുന്നു അക്രമികളുടെ ലക്ഷ്യം. ഈ ഹീന ശ്രമം തുടര്‍ന്നേക്കാം. കൂടുതല്‍ പ്രൗഢിയോടെ സ്വാമിജിയുടെ ആശ്രമം പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതിനായി മതനിരപേക്ഷ ചിന്താഗതിക്കാര്‍ ആ ദൗത്യവും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്നു പുലർച്ചെയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിനു നേരേ ആക്രമണമുണ്ടായത്. അക്രമികള്‍ രണ്ടുകാറുകള്‍ തീയിട്ടു നശിപ്പിച്ചു. കെട്ടിടങ്ങൾക്കും കേടുപാടുകളുണ്ട്. അക്രമികള്‍ ആശ്രമത്തിനു മുന്നില്‍ പി കെ ഷിബു എന്നെഴുതിയ റീത്തും വച്ചു.


രാവിലെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നുു. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന ആക്രമണം അപലപനീയമാണ്. വിയോജന അഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും ആശയപരമായ തലത്തിലാണ് നേരിടേണ്ടത്. അതിന് കഴിയാതെ വരുമ്പോഴാണ് കായികമായ അക്രമങ്ങളിലേക്ക് കടക്കുന്നത്. നിയമം കൈയ്യിലെടുക്കാന്‍ ഒരു കൂട്ടരെയും അനുവദിക്കില്ല. അതിശക്തമായ നടപടിയുണ്ടാകും. മതനിരപേക്ഷമൂല്യങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയും ആത്മീയതയെ ദുര്‍വ്യഖ്യാനം ചെയ്ത് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതിനെ തുറന്നു കാട്ടുകയുമാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്യുന്നത്. ഇതില്‍ അസഹിഷ്ണുത പൂണ്ടവരാണ് അദ്ദേഹത്തിന്റെ ആശ്രമത്തിനു നേര്‍ക്ക് ആക്രമണം നടത്തിയത്. ഇതിനെതിരെയുള്ള ചിന്ത പൊതുസമൂഹത്തിലാകെ ഉണരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി