കേരളം

എകെജിക്ക് പിന്നാലെ ഇഎംഎസും; വീണ്ടും ഫെയ്സ്ബുക്ക് പോസ്റ്റുമായി വിടി ബൽറാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഴീക്കോടൻ രാഘവനെ  കൊലപ്പെടുത്തിയത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന തരത്തിൽ സിപിഎം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിനെതിരെ വി.ടി ബൽറാം എം.എൽ.എ രംഗത്ത്. കൊലപാതകത്തിലെ കോൺ​ഗ്രസ് ബന്ധം സംബന്ധിച്ച് എന്ത് തെളിവാണ് സിപിഎമ്മിന്റെ കൈയിലുള്ളതെന്ന് ബൽറാം ചോദിക്കുന്നു. കേസിൽ കോൺഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവർത്തകനോ ക്ഷിക്കപ്പെട്ടിരുന്നോ എന്നും തന്റെ ഫെയ്സ്ബുക്ക് പേജിലിട്ട കുറിപ്പിൽ‌ ബൽറാം ചോദിക്കുന്നുണ്ട്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവർക്ക് മുന്നിൽപ്പോലും ഈ ഹീനമായ ആരോപണം സി.പി.എം അരക്കിട്ടുറപ്പിക്കാൻ നോക്കുകയാണ്. അന്ന് ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള സി.പി.എം നേതാക്കൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണങ്ങളല്ലാതെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഈ കൊലപാതകത്തിൽ ഒരു ഘട്ടത്തിലും ചിത്രത്തിൽപ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തിൽ ഉറച്ചു നിന്നിട്ടില്ല. നക്സലൈറ്റുകളാകാം കൊലക്ക് പിന്നിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാലവാദം.

പിന്നീട് എത്രയോ തവണ കേരളത്തിൽ അധികാരത്തിൽ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവർ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രമെന്നും ബൽറാം കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സിപിഎമ്മിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വന്ന അഴീക്കോടൻ രാഘവൻ അനുസ്മരണ വാർത്തയാണിത്. അഴീക്കോടനെ വെട്ടി കൊന്നത് കോൺഗ്രസിന്റെ ഗുണ്ടകളാണെന്ന് സിപിഎം ഇതിൽ പറയുന്നു! ഇംഗ്ലീഷിൽ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' എന്ന് നീട്ടിവലിച്ചുതന്നെ പറഞ്ഞ് കഥയറിയാത്ത കേരളത്തിന് പുറത്തുള്ളവർക്ക് മുന്നിൽപ്പോലും ഈ ഹീനമായ ആരോപണം സിപിഎം അരക്കിട്ടുറപ്പിക്കാൻ നോക്കുകയാണ്.

എന്ത് തെളിവാണ് അഴീക്കോടന്റെ മരണത്തിൽ കോൺഗ്രസിനെ ഇങ്ങനെ കുറ്റപ്പെടുത്താനായി സിപിഎമ്മിന്റെ കയ്യിലുള്ളത്? ഈ കേസിൽ കോൺഗ്രസിന്റ ഏതെങ്കിലും നേതാവോ പ്രവർത്തകനോ ശിക്ഷിക്കപ്പെട്ടിരുന്നോ?

അന്ന് ഇഎം ശങ്കരൻ നമ്പൂതിരിപ്പാട് അടക്കമുള്ള സിപിഎം നേതാക്കൾ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണങ്ങളല്ലാതെ കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഈ കൊലപാതകത്തിൽ ഒരു ഘട്ടത്തിലും ചിത്രത്തിൽപ്പോലും വരുന്നില്ല. നമ്പൂതിരിപ്പാട് തന്നെ പിന്നീട് ഈ ആരോപണത്തിൽ ഉറച്ചു നിന്നിട്ടില്ല. നക്സലൈറ്റുകളാകാം കൊലക്ക് പിന്നിൽ എന്നായിരുന്നു അദ്ദേഹത്തിന്റെ പിൽക്കാലവാദം.

സിപിഎമ്മിലെയും സിഐടിയുവിലേയും ഗ്രൂപ്പ് വഴക്കായിരുന്നു കൊലപാതകത്തിൽ കലാശിച്ചത് എന്നും അക്കാലത്ത് പരക്കെ സംസാരമുണ്ടായിരുന്നു. വിമത നേതാവായ എവി ആര്യൻ പ്രതിപ്പട്ടികയിലുമുണ്ടായിരുന്നു. യാഥാർത്ഥ്യം ഇനിയും മുഴുവനായി പുറത്തുവന്നിട്ടില്ല. ഏതായാലും പിന്നീട് എത്രയോ തവണ കേരളത്തിൽ അധികാരത്തിൽ വന്ന സിപിഎം തങ്ങളുടെ ജനകീയ നേതാവായിരുന്ന അഴീക്കോടന്റെ കൊലപാതകം പുനരന്വേഷിക്കാനോ അവർ ആരോപിച്ച തരത്തിലുള്ള പ്രതികളെ പിടിക്കാനോ യാതൊരു താത്പര്യവും കാട്ടിയില്ല എന്നതാണ് ചരിത്രം.

എന്നിട്ടിപ്പോൾ എന്തിനാണ് ഇന്ത്യ മുഴുവൻ കോൺഗ്രസിനെ താത്പര്യപൂർവ്വം വീക്ഷിക്കുന്ന ഇക്കാലത്ത് ഇങ്ങനെയൊരു നട്ടാൽ കുരുക്കാത്ത നുണ കോൺഗ്രസിനെതിരെ ഉന്നയിച്ച് ദേശീയ തലത്തിൽ ചർച്ചയാക്കാൻ സിപിഎം കടന്നു വരുന്നത്? ഈ ഹീന പ്രചരണത്തിന്റെ ഗുണഭോക്താവ് ആരാകുമെന്ന് സിപിഎമ്മിന് വല്ല ധാരണയുമുണ്ടോ?

ബൈ ദ ബൈ എന്തായി കോടിയേരി ബാലകൃഷ്ണനെ ബോംബെറിഞ്ഞ് കൊല്ലാൻ നോക്കിയ ആർഎസ്എസുകാരെ പിടിക്കുന്ന കാര്യം? വല്ലതും നടക്കുമോ?.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു