കേരളം

തല്ലുകേസ് 26 വർഷത്തിന് ശേഷം ഒത്തുതീർപ്പായി; അമ്മക്ക് തിരിച്ചുകിട്ടിയത് മകനെ; ഇരട്ട ​ക്ലൈമാക്സ്

സമകാലിക മലയാളം ഡെസ്ക്

പൊന്നാനി: 26 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു തല്ലുകേസ് ഒത്തുതീർപ്പായത് കഴിഞ്ഞ ദിവസം. ഒപ്പം 26 വർഷങ്ങൾക്ക് ശേഷം ഒരമ്മ സ്വന്തം മകനെ വീണ്ടും കണ്ടു. പൊന്നാനി കോടതിയിലും പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലുമായാണ് സനിമാ കഥയെ വെല്ലുന്ന ഇരട്ട ക്ലൈമാക്സ് അരങ്ങേറിയത്. 

1992ൽ നടന്ന തല്ലുകേസാണ് ഒത്തുതീർപ്പിലെത്തിയത്. 26 വർഷം മുൻപ് വിദേശത്ത് പോകാനായി എരമം​ഗലം പരേതനായ കുട്ടന്റെ മകൻ ദിവാകരൻ ​ഒരുക്കങ്ങൾ തുടങ്ങി. അതിനിടെയാണ് അയൽവാസിയായ സി.കെ പ്രഭാകാരനുമായി ദിവാകരൻ എന്തോ തർക്കത്തിലേർപ്പെടുകയും വിഷയം സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്. പ്രഭാകരന്റെ തലയ്ക്കടിച്ച ശേഷം ദിവാകരൻ വിദേശ യാത്രയ്ക്കായി തയ്യാറാക്കിയ ബാ​ഗുമെടുത്ത് വീട്ടിൽ നിന്നിറങ്ങി. 

യാത്ര പോലും പറയാതെ ദിവാകരൻ ഇറങ്ങിപ്പോയതിന്റെ കാര്യം അറിയാതെ വീട്ടുകാർ പകച്ചുനിൽക്കുന്നതിനിടെ പ്രഭാകരനും സംഘവും ദിവാകരനെ അന്വേഷിച്ച് വീട്ടിലെത്തി. പിന്നീട് ഒരാഴ്ചയോളം പ്രഭാകരനും സംഘവും ദിവാകരനെ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അതിനിടെ പ്രഭാകരൻ, ദിവാകരനെതിരേ പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ദിവാകരനെ പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. 

ദിവാകരനാകട്ടെ മുംബൈയിലെത്തി വീട്ടിലേക്ക് ഫോൺ ചെയ്യുകയായിരുന്നു. 1992-93 കാലത്ത് മുംബൈയിലുണ്ടായ കലാപശേഷം ദിവാകരനെ സംബന്ധിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. കലാപത്തിൽ കൊല്ലപ്പെട്ടെന്നുവരെ നാട്ടിൽ വാർത്ത പ്രചരിച്ചു. മുംബൈയിൽ അന്വേഷിച്ച ബന്ധുക്കൾക്ക് വിവരമൊന്നും ലഭിച്ചതുമില്ല. എന്നാൽ ദിവാകരൻ തെരുവ് കച്ചവടക്കാരനായി മുംബൈയിലും പരിസരങ്ങളിലും അപ്പോഴും ജീവിക്കുന്നുണ്ടായിരുന്നു. 

കലാപത്തിൽ എല്ലാം നഷ്ടപ്പെട്ട ദിവാകരൻ, പ്രഭാകരൻ പ്രതികാരം ചെയ്തലോ എന്ന ഭയത്തിൽ നാട്ടിലേക്ക് വന്നതുമില്ല. അതിനിടെ കേസിൽ ഹാജരാകത്തതിനാൽ 1995ൽ ദിവാകരനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. അതോടെ പൊലീസും തിരച്ചിൽ ആരംഭിച്ചു. 2009ൽ കോഴിക്കോട്ട് തിരിച്ചെത്തിയ ദിവാകരൻ വിവിധയിടങ്ങളിലായി തെരുവുകച്ചവടക്കാരനായി ജീവിതം മുന്നോട്ട് കൊണ്ടുപോയി. 

ഒൻപത് വർഷങ്ങൾക്ക് ശേഷം പെരുമ്പടപ്പ് സബ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിന് ​ദിവാകരൻ കോഴിക്കോട്ടെത്തിയതായി വിവരം ലഭിച്ചു. ഇതേത്തുടർന്ന് സിവിൽ പൊലീസ് ഓഫീസറായ അബ്ദുൽ നാസർ മഫ്തിയിൽ കോഴിക്കോട്ടെത്തി. പേരാമ്പ്ര വച്ച് ദിവാകരനെ പിടികൂടി. മകൻ പെരുമ്പടപ്പ് പൊലീസ് സ്റ്റേഷനിലുള്ള വിവരമറിഞ്ഞ മാതാവ് കാർത്യായനി സ്റ്റേഷനിലെത്തി 22ാം വയസിൽ നാടുവിട്ട മകനെ 26 വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടു. ഇടവേളയ്ക്ക് ശേഷം മകനെ കണ്ടപ്പോൾ ആ അമ്മ സന്തോഷത്താൽ കണ്ണീരൊഴുക്കി. അമ്മക്കൊപ്പം സ്റ്റേഷനിലെത്തിയ സഹോദരിമാരായ ഉഷയും ജിഷയും തങ്ങളുടെ സഹോദരനേയും കണ്ടു. 

ദിവാകരൻ പൊലീസ് സ്റ്റേഷനിലുള്ള വിവരം അറിഞ്ഞ പ്രഭാകരൻ ഇവിടെയെത്തി 1992ൽ നൽകിയ കേസ് പിൻവലിക്കാൻ തയ്യാറായതോടെയാണ് തല്ലുകേസ് ഒത്തുതീർപ്പായത്. ഇനി സ്വസ്ഥമായി പെരുമ്പടപ്പിൽ തന്നെ ജീവിക്കാനാണ് ദിവാകരന്റെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ