കേരളം

പ്രളയക്കെടുതിയില്‍ ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് മൂന്നുമാസം ഭക്ഷ്യ കിറ്റ് നല്‍കും; പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  പ്രളയക്കെടുതിയില്‍ ഉപജീവനം നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക പാക്കേജിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഉപജീവന കിറ്റ് നല്‍കാന്‍ നടപടികള്‍ സ്വീകരിക്കും. അരിയും പലവ്യഞ്ജനവും അടങ്ങുന്ന കിറ്റിന് രൂപം നല്‍കാന്‍ ആവശ്യമായ സംവിധാനം ഒരുക്കാന്‍ ഭക്ഷ്യവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ വിവിധ പദ്ധതികളാണ് ആവിഷ്‌കരിച്ചുവരുന്നത്. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ മേല്‍നോട്ടം ആവശ്യമാണ്. വിവിധ വകുപ്പുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി  പറഞ്ഞു.  ഇതിന് പുറമേ അനുഭവസമ്പത്തുളളവരും, നൂതനസാങ്കേതിക വിദ്യയിലെ വിദഗ്ധരും അടങ്ങുന്ന ഉന്നതാധികാര സമിതിയെയും ഇതിനായി നിയോഗിക്കും. ഉപജീവനം നഷ്ടപ്പെട്ട് പ്രയാസം നേരിടുന്നവര്‍ക്കായി പുനരധിവാസ പാക്കേജിന് രൂപം നല്‍കും. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ പ്ലാനിങ് ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി കിടക്കുകയാണ്. ദേശീയ പാതവികസനം, ഗെയില്‍ പൈപ്പ് ലൈന്‍, സിറ്റി ഗ്യാസ് ഉള്‍പ്പെടെയുളള വികസനപദ്ധതികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പുനരാരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നവകേരള സൃഷ്ടിക്കായി ക്രൗഡ് ഫണ്ടിങ്, കമ്പനികളുടെ സാമൂഹ്യഉത്തരവാദിത്ത ഫണ്ട് തുടങ്ങിയവ വേണ്ടപോലെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇവയുടെ കാര്യക്ഷമമായ വിനിയോഗം സാധ്യമാകാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഒരു വര്‍ഷം വരെയുളള കാര്‍ഷിക, വിദ്യാഭ്യാസ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാങ്കേഴ്‌സ് സമിതിയുടെ നിബന്ധകള്‍ ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ഫലപ്രദമാക്കാന്‍ വാര്‍ഷിക പദ്ധതിയില്‍ 20 ശതമാനത്തിന്റെ വെട്ടിക്കുറവ് വരുത്താനും തീരുമാനിച്ചു. ഈ തുക നവകേരളം സൃഷ്ടിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്