കേരളം

ആ കുരുന്ന് ഇനി തീരാനോവ്; ക്രൂരമായ മര്‍ദനത്തിന് ഇരയായ ഏഴു വയസുകാരന്‍ മരണത്തിനു കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കോലഞ്ചേരി: അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച ഏഴു വയസ്സുകാരന്‍ മരണത്തിനു കീഴടങ്ങി. മര്‍ദനമേറ്റ് ആശുപത്രിയിലായി പത്താംദിവസമാണ്, നാടിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി കുരുന്നുജീവന്‍ പൊലിഞ്ഞത്. രാവിലെ 11.35ന് മരണം സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

മാര്‍ച്ച് 28ന് പുലര്‍ച്ചെ വീട്ടില്‍വച്ചു ക്രൂരമായ മര്‍ദനത്തിന് ഇരയായ കുട്ടിയുടെ തലയോട്ടി നീളത്തില്‍ പൊട്ടിയിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇതു വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. വെന്റിലേറ്ററില്‍ തുടരുകയായിരുന്നെങ്കിലും ഇന്നു രാവിലെ ഹൃദയമിടിപ്പും നിലച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ചികിത്സയിലെ ഒരു ഘട്ടത്തിലും കുട്ടി മരുന്നുകളോടു പ്രതികരിച്ചിരുന്നില്ല. 

കുട്ടിയെ മര്‍ദിച്ച, അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദ് അറസ്റ്റിലായിരുന്നു. കുട്ടിയെ അരുണ്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അരുണിന്റെ ക്രിമിനല്‍ പശ്ചാത്തലം കൂടി അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷണം. പിടികൂടുമ്പോള്‍ അരുണിന്റെ കാറില്‍ മദ്യകുപ്പികള്‍ക്കൊപ്പം കൈക്കോടാലിയും ഉണ്ടായിരുന്നു. കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ട് പ്രഷര്‍ കുക്കറുകള്‍, സിഗരറ്റ് ലാബ്, ഒരു ബക്കറ്റ് എന്നിവ കണ്ടെടുത്തു. പ്രതിയുടെ വീട്ടിലെ എല്ലാ മുറികളിലും ആയുധങ്ങള്‍ക്ക് സമാനമായ ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നു. അരുണ്‍ മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

കുട്ടിയെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയ അരുണിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയെയും അരുണ്‍ മര്‍ദിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവദിവസം രാത്രി കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തു ഭക്ഷണം കഴിക്കാന്‍ പോയ അമ്മയും അരുണും തിരിച്ചുവന്ന ശേഷമാണ് മൂത്ത കുട്ടിയെ മര്‍ദിച്ചത്. ഇളയ കുട്ടി കട്ടിലില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ ആയിരുന്നു മര്‍ദനം.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത