കേരളം

എന്‍കെ പ്രേമചന്ദ്രന തള്ളി കോണ്‍ഗ്രസ്; ആര്‍എസ്പിയുടെ ഷാഡോ കമ്മിറ്റിയെ കുറിച്ച് അറിയില്ലെന്ന് ബിന്ദു കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ പരാമര്‍ശിച്ച ഷാഡോ സംഘത്തെക്കുറിച്ച് അറിയില്ലെന്ന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ചും അറിയില്ലെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി. കൊല്ലത്ത് തെരഞ്ഞെുപ്പ് പ്രചാരണത്തിന് യുഡിഎഫ് വിട്ട് നില്‍ക്കുന്നുവെന്ന ആരോപണത്തിന് മറുപടി പറയുന്നതിനിടയിലാണ് 'ആര്‍എസ്പിയുടെ ഷാഡോ കമ്മിറ്റി' എന്ന് എന്‍കെ പ്രേമചന്ദ്രന്‍ പരാമര്‍ശിച്ചത്.

കോണ്‍ഗ്രസിനെയും തന്നെയും തമ്മില്‍ തെറ്റിക്കാനാണ് എല്‍ഡിഎഫിന്റെ ശ്രമമെന്നും ആര്‍എസ്പിയുടെ ഷാഡോ കമ്മിറ്റി നടത്തിയ പരിശോധയില്‍ പ്രചാരണത്തിന് യുഡിഎഫ് വിട്ട് നില്‍ക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയെന്നുമായിരുന്നു പ്രേമചന്ദ്രന്‍ ഫേസ്ബുക്കിലൂടെ പരാമര്‍ശിച്ചത്. അതേസമയം, കോണ്‍ഗ്രസിന്റെ സംഘടനാ ശേഷിയില്‍ സംശയമില്ലെന്ന വിശദീകരണവുമായി ആര്‍എസ്പി നേതൃത്വം രംഗത്തെത്തി. 

കൊല്ലം മണ്ഡലത്തില്‍ എന്‍ കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസുകാരെ ആരെയും കാണാനില്ല എന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. പത്രസമ്മേളനം നടത്തിയാണ്അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. താന്‍ അഭിമാനപൂര്‍വ്വം പറയാന്‍ ആഗ്രഹിക്കുന്നു. ദേശീയ നേതാക്കള്‍ മുതല്‍ ബൂത്ത് തലം വരെയുളള നേതാക്കള്‍ അവരുടെ നേതാക്കന്മാരെക്കാള്‍ തന്നെ നെഞ്ചേറ്റുന്നുവെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് വീഡിയോയിലുടെ പറഞ്ഞു.

മണ്ഡലത്തില്‍ ഒരു പ്രവര്‍ത്തകന്‍ പോലും വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന പരാതി ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് ഒരു ഷാഡോ കമ്മിറ്റിയുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍ജീവമായി പ്രവര്‍ത്തിക്കുന്നുവെന്ന ഒരു നേരിയ പരാതി പോലും ലഭിച്ചിട്ടില്ല. എണ്ണയിട്ട യന്ത്രം പോലെ ചടുലമായാണ് കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അധിക്ഷേപിച്ച് കോണ്‍ഗ്രസിനെയും തന്നെയും തെറ്റിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു.

വിസ്മയകരമായ പിന്തുണയാണ് കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നിന്നും തനിക്ക് ലഭിക്കുന്നത്. കേരളത്തിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് വിസ്മയകരമായ പിന്തുണയാണ് കോണ്‍ഗ്രസില്‍ നിന്നും തനിക്ക് ലഭിക്കുന്നതെന്ന് അഭിമാനപൂര്‍വം പറയാന്‍ സാധിക്കും. കോണ്‍ഗ്രസുകാര്‍ സ്വന്തം കൈയില്‍ നിന്നും പണമെടുത്താണ് ചുവരെഴുത്ത് നടത്തിയത്. കേന്ദ്രകമ്മിറ്റിയില്‍ നിന്നും നാമമാത്രമായ ഫണ്ടാണ് അനുവദിച്ചത്. ഇത്രയും ചെലവുകുറഞ്ഞ പ്രചാരണം കൊല്ലത്തിന്റെ ചരിത്രത്തിലുണ്ടാവില്ല. സിപിഎം ഇത് കണ്ടുപഠിയ്ക്കണമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്