കേരളം

റോഡില്‍ ഇറങ്ങിയാല്‍ നിരീക്ഷണത്തില്‍, സ്മാര്‍ട്ട് ക്യാമറകളും റഡാര്‍ ക്യാമറകളും ഒപ്പിയെടുക്കും; നിയമലംഘകര്‍ക്ക് ഉടന്‍ പിടിവീഴും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാഹനങ്ങളുടെ നിയമലംഘനം കയ്യോടെ പിടികൂടാന്‍ സ്മാര്‍ട്ട് ക്യാമറകള്‍ വരുന്നു. വാഹനങ്ങളുടെ അമിതവേഗത അടക്കമുളള നിയമലംഘനങ്ങള്‍ പിടികൂടാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് ക്യാമറകളും റഡാര്‍ ക്യാമറകളും സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളേക്കാള്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവ. എത്ര വേഗതയിലായാലും നമ്പര്‍ പ്‌ളേറ്റിന്റെ ഉള്‍പ്പെടെ വ്യക്തതയുള്ള ചിത്രം പകര്‍ത്തും. ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പിന്‍ബലത്തോടെയാണ് സ്മാര്‍ട്ട് ക്യാമറകളുടെ പ്രവര്‍ത്തനം.

ഇത്തരം 820 സ്മാര്‍ട്ട് ക്യാമറകളാണ് പല കേന്ദ്രങ്ങളിലായി സ്ഥാപിക്കുക. ഇതിനു പുറമേയാണ് ഏറ്റവുമധികം അപകടം നടക്കുന്ന ബ്ലാക്ക്‌സ്‌പോട്ടുകളില്‍ 200 റഡാര്‍ ക്യാമറകള്‍. മൂവി ക്യാമറ പോലെ സ്റ്റാന്‍ഡില്‍ ഉറപ്പിക്കാവുന്നവയാണ് റഡാര്‍ക്യാമറ. നമ്പര്‍ പ്‌ളേറ്റ് കാപ്ചര്‍ ചെയ്യുന്ന ക്യാമറകള്‍ അഞ്ഞൂറിടത്തും സ്ഥാപിക്കും.ഗതഗാത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ 120 സ്ഥലങ്ങളില്‍ വേറെയും ക്യാമറകളുണ്ടാകും.

300 കോടി ചെലവു വരുന്ന പദ്ധതി കേരള പൊലീസിന്റെ ഏറ്റവും വലിയ നിരീക്ഷണ ക്യാമറ നെറ്റ്‌വര്‍ക്കാണ്. ആഗോള ടെന്‍ഡറിനു മുന്നോടിയായുള്ള പ്രീബിഡ് യോഗത്തില്‍ മൂന്ന് വിദേശ കമ്പനികള്‍ ഉള്‍പ്പെടെ ആറ് കമ്പനികള്‍ പങ്കെടുത്തു. കുറ്റവാളികളെ തിരിച്ചറിയാനും ട്രാഫിക് നിയമലംഘനം സ്വയം കണ്ടെത്താനും അത്യാധുനിക സോഫ്റ്റ്‌വെയറും ഒരുക്കും. സംസ്ഥാനം മുഴുവന്‍ ഒറ്റ നിരീക്ഷണ നിയന്ത്രണ സംവിധാനത്തിനു കീഴിലാക്കാന്‍ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ സ്ഥാപിക്കും. പത്തു വര്‍ഷത്തെ അറ്റകുറ്റപ്പണി സഹിതമാണ് കരാര്‍ ഉറപ്പിക്കുക. ഇതിനൊപ്പം അമിതവേഗം കണ്ടെത്താനുള്ള 60 എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങളും വാങ്ങും.

ക്യാമറ സ്ഥാപിക്കാന്‍ പ്രയാസമുള്ള ഹൈവേകളുടെ വശങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വാഹനവും റഡാര്‍ കാമറയുമായി നിന്നാല്‍, വാഹനങ്ങളുടെ അമിതവേഗം ക്യാമറ കണ്ടെത്തി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കും. ദൃശ്യങ്ങളില്‍ നിന്ന് സ്ഥിരം കുറ്റവാളികളുടെ മുഖം തിരിച്ചറിഞ്ഞ് പൊലീസിനെ അലര്‍ട്ട് ചെയ്യുന്ന സെന്‍സര്‍ സംവിധാനമുള്ള സോഫ്റ്റ്‌വെയറുകളും വാങ്ങും. സ്ഥിരം കുറ്റവാളികളുടെ വിവരങ്ങളടങ്ങിയ ഡിജിറ്റല്‍ ഡാറ്റാബേസ് ഈ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതോടെ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമാകും. ചുവന്ന സിഗ്‌നല്‍ ലൈറ്റുകള്‍ മറികടക്കുക, ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ ചിത്രം സ്മാര്‍ട്ട് ക്യാമറകള്‍ പകര്‍ത്തി കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കും. പിഴയൊടുക്കാനുള്ള നോട്ടീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഇവരുടെ വിലാസത്തിലേക്ക് അയയ്ക്കും. ഇതും തുടര്‍നടപടികളും ഡിജിറ്റലായിരിക്കും. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ കൂടുകയോ ലൈസന്‍സ് റദ്ദാക്കപ്പെടുകയോ ചെയ്യാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്