കേരളം

മഴ ശക്തം: കെഎസ്ആര്‍ടിസിയുടെ ബെംഗളൂരിവില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. കെഎസ്ആര്‍ടിസിയുടെ ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. 

കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വ്വീസുകള്‍ നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തില്‍ വെളളം കയറിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. മുത്തങ്ങ, ഗോണിക്കുപ്പ, കുട്ട, നാടുകാണി തുടങ്ങിയ പാതകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.

വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവി, വിജയപുര ജില്ലകളിലും മലയോര മേഖലകളായ കുടക്, ചിക്മംഗളൂരു ജില്ലകളിലുമാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. മഴ കനത്തതോടെ വടക്കന്‍ കര്‍ണാടകത്തിലെ അരലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.  കര്‍ണാടകത്തിലെ 18 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ മാസം 15 വരെ സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുടക് വഴിയുളള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. മംഗളൂരുവില്‍ നിന്ന് ഇതുവഴി ബെംഗളൂരുവിലേക്കുളള ട്രെയിനുകള്‍ ഞായറാഴ്ച വരെ റദ്ദാക്കി. വടക്ക് കൃഷ്ണ നദിയുടെ വൃഷ്ടിപ്രദേശത്തെ ഡാമുകളെല്ലാം തുറന്നതോടെ ബെലഗാവി നഗരവും ഗ്രാമങ്ങളും വെളളത്തിനടിയിലാണ്. പ്രദേശത്ത് ഇരുനൂറോളം ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. അമ്പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. വെളളം കയറിയ ഗ്രാമങ്ങളില്‍ നിന്ന് പലായനം തുടരുകയാണ്. ദുരന്തനിവാരണസേനക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

കെ സുധാകരന് നിർണായകം; ഇപി ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസ്; ഹർജിയിൽ ഇന്ന് വിധി

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍