കേരളം

അടിച്ചുപൂസായി ഔദ്യോഗിക വാഹനത്തില്‍ മൂത്രം ഒഴിച്ചു, അസഭ്യവര്‍ഷം; എസ്പിക്ക് സസ്‌പെന്‍ഷന്‍ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  മദ്യലഹരിയില്‍ കീഴുദ്യോഗസ്ഥനെ അസഭ്യം പറയുകയും ഔദ്യോഗിക വാഹനത്തില്‍ മൂത്രം ഒഴിച്ചും മറ്റും വൃത്തികേടാക്കുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്പിക്ക് സസ്‌പെന്‍ഷന്‍. വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയുളള ക്രൈംബ്രാഞ്ച് എസ്പി എസ് അനില്‍കുമാറിനെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെയും ക്രൈംബ്രാഞ്ച് എഡിജിപിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. 

ജൂണ്‍ 20നാണ് സസ്‌പെന്‍ഷന് ആസ്പദമായ സംഭവം അരങ്ങേറിയത്. മറ്റൊരു പൊലീസ് ഉദ്യോഗ്സ്ഥന്റെ സഹോദരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എന്ന പേരില്‍ ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട്ട് നിന്ന് തിരുവനനന്തപുരത്തേയ്ക്കുളള യാത്രയ്ക്കിടയിലാണ് സംഭവം. യാത്രയിലുടനീളം വാഹനത്തിലിരുന്നു മദ്യപിക്കുകയും പുക വലിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്‍ വാഹനത്തില്‍ ഛര്‍ദിക്കുകയും മൂത്രമൊഴിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഡ്രൈവര്‍ പലതവണ വാഹനം വൃത്തിയാക്കേണ്ടി വന്നു. യാത്രയ്ക്കിടെ ഡ്രൈവര്‍ക്കും ഗണ്‍മാനും നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞതായും പരാതിയുണ്ട്. സംസ്‌കാരത്തിന് സമയത്ത് എത്തില്ലെന്ന് ഉറപ്പായതോടെ യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് കോഴിക്കോട്ടേക്ക് മടങ്ങി.

എന്നാല്‍ തിരിച്ചെത്തിയതിന് ശേഷം തുടര്‍ച്ചയായി രണ്ടുദിവസം ഉദ്യോഗസ്ഥന്‍ ഓഫീസിലെത്തിയില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. പൊലീസ് ക്ലബില്‍ മുറി അടച്ചിരുന്നു മദ്യപിക്കുകയാണെന്ന് ക്ലബിന്റെ ചുമതലയുളള ജീവനക്കാര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് യാത്രയിലെ സംഭവങ്ങള്‍ പുറത്തുവന്നത്. സ്‌പെഷ്യല്‍ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയെ പൊലീസ് ആസ്ഥാനത്തേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് എഡിജിപിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു

അട്ടിമറി, ചരിത്രം! കൊറിയയെ 'എയ്തു വീഴ്ത്തി' ഇന്ത്യ

വരുമാനത്തിന്റെ പകുതിയിലേറെ ടാക്‌സ്, ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങള്‍?; ആനുകൂല്യം അറിഞ്ഞാല്‍ ഞെട്ടും!